ഉത്തരമലബാറിലെ ആദ്യ വൃക്ക മാറ്റിവയ്ക്കല്‍ ക്ലിനിക്ക് കണ്ണൂര്‍ ആസ്റ്റർ മിംസില്‍
1532069
Wednesday, March 12, 2025 1:22 AM IST
കണ്ണൂര്‍: ഉത്തരമലബാറിന്റെ അവയവ മാറ്റിവയ്ക്കല്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ആദ്യത്തെ വൃക്ക മാറ്റിവയ്ക്കല്‍ സെന്ററിന് കണ്ണൂര്‍ ആസ്റ്റർ മിംസില്‍ തുടക്കം കുറിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നിർവഹിച്ചു.
ആസ്റ്റര്‍ മിംസ് പോലൊരു സ്ഥാപനം ഇതുപോലെ സങ്കീര്‍ണമായ ചികിത്സാവിഭാഗത്തിന് തുടക്കം കുറിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്ന് ഉറപ്പുണ്ടെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. മലബാറില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ വൃക്ക മാറ്റിവയ്ക്കാനുള്ള സൗകര്യമാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഒരുക്കിയിരിക്കുന്നതെന്ന് ആസ്റ്റര്‍ കേരള മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സൂരജ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും നൂതനമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലൂടെ ഏറ്റവും സുരക്ഷിതമായ രീതിയിലുള്ള വൃക്കമാറ്റിവയ്ക്കലിനാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ കളമൊരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സയുടെ ചെലവ് താങ്ങാന്‍ സാധിക്കാത്ത നിര്‍ധനരായവര്‍ക്ക് വേണ്ടി പ്രത്യേകം ആനൂകൂല്യങ്ങൾ വിഭാവനം ചെയ്യുന്നുണ്ടെന്ന് ആസ്റ്റർ മിംസ് സിഒഒ ഡോ. അനൂപ് നമ്പ്യാര്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ഡോ. ബിജോയ് ആന്റണി, ഡോ.സത്യേന്ദ്രന്‍ നമ്പ്യാര്‍, ഡോ. പ്രദീപ്, ഡോ.അമിത് എന്നിവര്‍ പ്രസംഗിച്ചു.