ആലക്കോട് പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസത്തിന് നോട്ടീസ്
1532068
Wednesday, March 12, 2025 1:22 AM IST
ആലക്കോട്: കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ഭിന്നത പരിഹരിച്ചു വരുന്നതിനിടെ യുഡിഎഫിനെ പ്രതിരോധത്തിലാക്കി പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ടിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽഡിഎഫ്.
21 അംഗ ഭരണസമിതിയിൽ യുഡിഎഫ് 11, എൽഡിഎഫ് 10 എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിൽ കോൺഗ്രസിന് എട്ടും മുസ്ലിംലീഗിന് മൂന്നംഗങ്ങളുമാണുള്ളത്. എന്നാൽ, ലീഗിന്റെ പ്രതിനിധിയായി സ്വതന്ത്രയായി പരപ്പ വാർഡിൽ നിന്ന് വിജയിച്ച ഷൈലജ ദീർഘകാലമായി
രോഗബാധിതയായി കിടപ്പിലായതിനാൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാധ്യതയില്ല. ഇതാണ് യുഡിഎഫിനെ ആശങ്കയിലാക്കുന്നത്. ഇരു മുന്നണികൾക്കും 10 അംഗങ്ങളുടെ തുല്യത വന്നാൽ നറുക്കെടുപ്പിലൂടെയായിരിക്കും അവിശ്വാസ പ്രമേയത്തിന്റെ വിധി നിർണയിക്കുക.
പഞ്ചായത്ത് ഓഫീസിലെ ജൂണിയർ സൂപ്രണ്ടായിരുന്ന രാജേന്ദ്രൻ പിള്ളക്കെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് പ്രസിഡന്റും ലീഗുമായുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നത്.
ഇതേതുടർന്ന് പഞ്ചായത്ത് ഭരണസമിതി യോഗങ്ങൾ മുസ്ലിംലീഗ് തുടർച്ചയായി ബഹിഷ്കരിച്ചിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ഒന്പതുമാസം മാത്രം ബാക്കി നിൽക്കെ രാഷ്ട്രീയ കളികളുടെ പേരിൽ അവസാന നിമിഷം പഞ്ചായത്ത് ഭരണം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് യുഡി എഫ് പ്രവർത്തകർ.