വേനലിൽ വാഴത്തോട്ടങ്ങൾ കരിഞ്ഞുണങ്ങുന്നു
1531479
Monday, March 10, 2025 12:53 AM IST
ഇരിട്ടി: വേനൽ കടുത്തതോടെ ചൂടിൽ നേന്ത്ര വാഴത്തോട്ടങ്ങളിലെ വാഴകൾ ഉണങ്ങുന്നു. വ്യാപകമായി വാഴകൾ നശിക്കുന്നത് കർഷകരെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. മലയോര മേഖലയിലെ തോട്ടങ്ങളിൽ ആയിരക്കണക്കിനു വാഴകളാണ് നശിക്കുന്നത്. മൂപ്പെത്താത്തും പകുതി മൂപ്പെത്തിയതുമായ കുലകളാണ് ഭൂരിഭാഗവും ഒടിഞ്ഞു വീഴുന്നത്.
കന്പോളത്തിൽ കുലകൾക്ക് ന്യായമായ വില ലഭിച്ചു വരുമ്പോഴാണ് വേനൽ ചൂടിൽ വാഴകൾ നശിച്ചുകൊണ്ടിരിക്കുന്നത്. വേനൽ കാലത്ത് കുലകൾക്ക് മികച്ച വില ലഭിക്കുമെന്നതിനാലാണ് പല കർഷകരും വായ്പയെടുത്തും മറ്റും നേന്ത്രവാഴക്കൃഷി നടത്തിയത്. ദിവസവും നനച്ചു കൊടുത്തിട്ടും ചൂടിൽ വാഴകൾ നശിക്കുകയാണെന്ന് കർഷകർ പറയുന്നു.
മൂപ്പെത്തിയ കുലകളുള്ള വാഴകൾ ഒടിഞ്ഞു വീഴുന്പോൾ ഇവ കന്പോളത്തിലെത്തിച്ചാലും വില ലഭിക്കുന്നില്ല. കായകളുടെ അഗ്രഭാഗം വേഗത്തിൽ പഴുക്കുന്നതിനാൽ ഇവ വാങ്ങാൻ വ്യാപാരികൾ തയാറാകുന്നുമില്ല. മൂപ്പെത്താത്ത കുലകൾ കറിക്കായ വിഭാഗത്തിൽ പോലും വിറ്റഴിക്കാനാകുന്നുമില്ല. 1000 മുതൽ 5000 വരെ വാഴകൾ കൃഷി ചെയ്ത കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്.
സർക്കാർ സഹായം
പ്രഖ്യാപനത്തിൽ മാത്രം
കഴിഞ്ഞ വർഷത്തെ വേനലിൽ കൃഷിനാശം സംഭവിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായവും ഇൻഷ്വറൻസ് തുകയും ഇനിയും ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. നഷ്ടപരിഹാരം ലഭിക്കാനായി ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരുന്ന ഗതികേടിലാണ് കർഷകർ.
കൃഷി നാശം കാരണം കഴിഞ്ഞ വർഷം കൃഷി ചെയ്ത പലരും ഇത്തവണ കൃഷി ചെയ്യാതെ മാറി നിൽക്കുകയാണ്. അയൽ സംസ്ഥാനങ്ങളെ പോലെ കാർഷിക മേഖലയിൽ ജലസേചനത്തിന് സൗജന്യ വൈദ്യുതി ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്. കൃഷി വകുപ്പ് സൗജന്യ കണക്ഷൻ അനുവദിച്ചിട്ടുണ്ടെങ്കിലും കൃഷി വകുപ്പ് പണം അടക്കാത്തതു കാരണം കെഎസ്ഇബി ഇപ്പോൾ വൈദ്യുത ബില്ലുകൾ കർഷകർക്ക് നേരിട്ട് അയച്ചു തുടങ്ങിയതും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.
ഇത്തരത്തിൽ വലിയ ബിൽതുക അടക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് പലരും. പാർട്ടി അടിസ്ഥാനത്തിൽ നിരവധി കർഷക സംഘടനകൾ ഉണ്ടെങ്കിലും അംഗത്വം എടുക്കുന്നതല്ലാതെ കർഷകനെ സഹായിക്കാൻ ഒരു സംഘടനകളും തയാറാകുന്നില്ലെന്ന പരാതിയും കർഷകർക്കുണ്ട്.