പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിൽ പാഴ്സൽ സർവീസ് നിർത്തലാക്കി
1531829
Tuesday, March 11, 2025 2:04 AM IST
പയ്യന്നൂര്‍: ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളില്‍ ഒന്നായ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള പാഴ്സൽ സർവീസ് നിർത്തലാക്കി. ഇന്നലെ മുതൽ പാഴ്സൽ സർവീസ് നടത്തേണ്ടതില്ലെന്നാണ് സ്റ്റേഷൻ അധികൃതർക്ക് റെയിൽവേയിൽ നിന്നും ലഭിച്ച ഉത്തരവിൽ നിർദേശിക്കുന്നത്.
പാലക്കാട് ഡിവിഷനു കീഴില്‍ നിലമ്പൂരും പൊള്ളാച്ചിയിലും പാഴ്സല്‍ സര്‍വീസ് നിര്‍ത്തിയ കൂട്ടത്തിലാണ് പയ്യന്നൂരും പാഴ്സല്‍ സര്‍വീസ് നിര്‍ത്തിയത്. ഒരുവര്‍ഷം മുമ്പ് പാഴ്സല്‍ സര്‍വീസ് നിര്ത്തിവച്ചുകൊണ്ടിറങ്ങിയ ഉത്തരവ് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ചിരുന്നു.
ഒരു വര്‍ഷത്തിനു ശേഷം വീണ്ടും റെയില്‍വേ ഉത്തരവിറക്കുകയായിരുന്നു. നാലുപതിറ്റാണ്ടിലധികമായി പയ്യന്നൂരിന് വിദേശ നാണ്യം നേടി തന്നിരുന്ന ഞണ്ട്, ചെമ്മീന്‍ കയറ്റുമതിയും ഇതോടെ ഇല്ലാതാകും. നാല് അംഗീകൃത പോര്‍ട്ടര്‍മാരുടെ ജോലിയും നഷ്ടമാകും. ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സിആര്‍പിഎഫ് പരിശീലന കേന്ദ്രം, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്, ഗവ. ആയുര്‍വേദ കോളജ്, മൂന്നോളം എന്‍ജിനിയറിംഗ് കോളജുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പാഴ്സൽ സർവീസിന് ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂര്‍.