ട്രെയിനിന് ഈ വർഷം വേഗം കൂടും
1531477
Monday, March 10, 2025 12:53 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: ട്രെയിനുകളുടെ വേഗം ഈവർഷം 130 കിലോമീറ്ററിലെത്തിക്കുമെന്ന് റെയിൽവേ. കേരളത്തിൽ നിലവിൽ 110 കിലോമീറ്ററാണ് ഏറ്റവും കൂടിയ വേഗത. പല സ്ഥലത്തും ഇതിൽ താഴെ ഓടുന്നുമുണ്ട്. ആദ്യഘട്ടത്തിൽ ഷൊർണൂർ-മംഗളൂരു റൂട്ടിലായിരിക്കും 130 കിലോമീറ്റർ വേഗതയാക്കുക. ഇതിനായി പാളങ്ങളുടെ ബലപ്പെടുത്തലും വളവുകൾ നിവർത്തലും ഉടൻ ആരംഭിക്കും. ഇന്ത്യയിൽ നിലവിൽ 2000 കിലോമീറ്റർ പാളത്തിലാണ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നത്. 7200 ഓളം കിലോമീറ്റർ പാളത്തിൽ നിലവിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്.
130 കിലോമീറ്റർ വേഗമാക്കാനായി തിരുവനന്തപുരം-കോഴിക്കോട് പാതയിൽ 400 കിലോമീറ്റർ, കണ്ണൂർ-കോഴിക്കോട് പാതയിൽ 89 കിലോമീറ്റർ എന്നിവയുടെ നിർമാണങ്ങൾ നടന്നുവരുന്നു.
ഈ സംവിധാനം നിലവിൽ വരുന്നതിന്റെ ഭാഗമായി സിഗ്നൽ, വളവ് നിവർത്തൽ, പാളം-പാലം എന്നിവയുടെ അറ്റകുറ്റപ്പണികളും ഉൾപ്പെടും. ഇതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. 97 ശതമാനത്തോളം പാളങ്ങളും വൈദ്യുതിവത്കരിച്ചുകഴിഞ്ഞു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതികൾ കൃതിയായി നടന്നുവരികയാണ്. ഈ വർഷം അവസാനത്തോടെ പദ്ധതിപ്രകാരമുള്ള സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളും പ്രവർത്തനം ആരംഭിക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.