ദേശീയപാതയ്ക്ക് സ്ഥലം നൽകിയിട്ടും നഷ്ടപരിഹാരം ലഭിക്കാതെ നിരവധിപേർ
1531820
Tuesday, March 11, 2025 2:04 AM IST
പി. ജയകൃഷ്ണൻ
കണ്ണൂർ: ദേശീയപാതയ്ക്ക് സ്ഥലം വിട്ടുനല്‍കി വർഷങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാതെ ഭൂവുടമകൾ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്നു. ചിറക്കൽ, പുഴാതി, എളയാവൂർ, ചേലോറ ഉൾപ്പെടെയുള്ള വില്ലേജുകളിലെ റിസർവേ നന്പർ 136/5, 144/5, 146/1, 172/1, 172/4, 172/7, 173/5 ൽപ്പെട്ട കൈപ്പാട് നിലം ദേശീയാപാത വികസനത്തിന് വിട്ടുനല്‍കിയ കുടുംബങ്ങളാണ് മൂന്നരവർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാതെ ദുരിതത്തിലായത്.
കണ്ണൂർ ജില്ലയിൽ മാത്രം ആയിരത്തിലേറെ പേർക്ക് നഷ്ടപരിഹാരം ലഭിക്കാനുണ്ട്. ഇത് 200 കോടി രൂപയോളം വരും. വ്യക്തിഗത അളവ് തിട്ടപ്പെടുത്തി അതിർത്തി സംബന്ധമായ യാതൊരു തർക്കവുമില്ലെന്നു പറഞ്ഞ് സത്യവാങ്മൂലം എഴുതി ഒപ്പിട്ട് നൽകിയവർക്കാണ് ഈ ദുരിതം. നഷ്ടപരിഹാരം ലഭിക്കാതായതോടെ പലരും സാന്പത്തിക ബാധ്യതമൂലം കടുത്ത പ്രയാസത്തിലാണ്.
ഇവരുടെ സ്ഥലത്ത് ഇപ്പോൾ പാലങ്ങൾ ഒരുങ്ങി. ദേശീയപാത നിർമാണവും സജീവമാണ്.ഭൂമി ഏറ്റെടുക്കുന്ന സമയം വെള്ളക്കെട്ടു കാരണം അതിർത്തി തിട്ടപ്പെടുത്താൻ കഴിയാത്തതിനാൽ കമ്മീഷനെ നിയോഗിച്ച് അളഞ്ഞു തിട്ടപ്പെടുത്തണമെന്ന് കോടതിയോട് റവന്യു വിഭാഗം നിർദേശിച്ച സ്ഥല ഉടമകൾക്കാണ് തുക ലഭ്യമാകാത്തതെന്നാണ് എൽഎഎൻഎച്ച് ഉദ്യോഗസ്ഥർ പറയുന്നത്. ഇക്കാര്യത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും സ്ഥലത്തിന്റെ വില കോടതിയിൽ കെട്ടിയതാണെന്നും ഇനി കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
മേൽപ്പറഞ്ഞ കൃഷിഭൂമിക്ക് നികുതി അടച്ചുവരുന്നത് നിലം എന്ന് പേരിലാണെന്നും അല്ലാതെ വെള്ളക്കെട്ട് എന്ന പേരിലല്ലെന്നുമാണ് ഭൂവുടമകൾ പറയുന്നത്. വില്ലേജ് രേഖയടക്കം മുഴുവൻ സർക്കാർ രേഖകളിലും വ്യക്തിഗത പ്രമാണങ്ങളിലും നിലം എന്ന പേരിൽ തന്നെയാണ് തങ്ങളുടെ ഭൂമി രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഇവർ പറയുന്നു. നിലത്തെ വെറും വെള്ളക്കെട്ടായി ഉയർത്തിക്കാട്ടുന്നതിലും ഭൂവുടകൾക്ക് കടുത്ത പ്രതിഷേധമുണ്ട്.
വിഎസ് സർക്കാർ ചെമ്മീൻ കൃഷിയുടെ ആവശ്യത്തിന് കാട്ടാമ്പള്ളി അണക്കെട്ടിന്റെ ഷട്ടർ തുറന്നുവച്ചതോടെയാണ് തങ്ങളുടെ കൈപ്പാട് കൃഷിഭൂമി വെള്ളക്കെട്ടായി മാറിയത്. കൃഷിപ്പണി ചെയ്യാനുള്ള ഭാരിച്ച ചെലവുകളും തൊഴിലാളികളുടെ ദൗർലഭ്യവും കാരണം കാർഷികവൃത്തിയിൽ നിന്ന് പിന്മാറിയതിനാൽ കൃഷിയിറക്കാതെ വരികയും അതിന്റെ സ്വാഭാവികത നഷ്ടമാവുകയും ചെയ്തുവെന്നാണ് ഭൂവുടമകൾ ചൂണ്ടിക്കാട്ടുന്നത്.
പൊന്നും വില കിട്ടേണ്ട സ്ഥലത്തിന്റെ തുക വൈകുന്നതിനാൽ നാൾക്കുനാൾ കടബാധ്യത ഏറിവരുന്നതായി ഭൂവുടമ ചിറക്കലിലെ കെ. സജിത്ത് ദീപികയോട് പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കാതായതോടെ പലരുടെയും നിത്യജീവിതം ദുസഹമായിരിക്കുകയാണെന്നും സജിത്ത് പറഞ്ഞു.