കൃപാഭിഷേകം ബൈബിൾ കൺവൻഷന് ഇന്ന് തുടക്കം
1532072
Wednesday, March 12, 2025 1:22 AM IST
ചെന്പേരി: തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കൃപാഭിഷേകം ബൈബിൾ കൺവൻഷന് ചെന്പേരിയിൽ ഇന്ന് തുടക്കം. 16 വരെ ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 9.30 വരെ ലൂർദ് മാതാ ബസിലിക്കയിലാണ് കൺവൻഷൻ നടക്കുക. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലാണ് കൺവൻഷൻ നയിക്കുന്നത്. ഇന്ന് വൈകുന്നേരം നാലിന് ജപമാലയോടെ കൺവൻഷൻ ആരംഭിക്കും. 4.30 ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.
5.40 ന് ബസിലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് കൺവൻഷൻ വേദിയിൽ ബൈബിൾ പ്രതിഷ്ഠ നടത്തും. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി തിരിതെളിച്ചു കൺവൻഷന്റെ ഉദ്ഘാടനം നിർവഹിക്കും. നാളെ ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റവും 14ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിലും 15ന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ടും 16ന് ഫാ. ഡൊമിനിക് വാളന്മനാലും വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ രാത്രി 9.30 വരെ ഫാ. ഡൊമിനിക് വാളന്മനാൽ ദൈവപ്രഘോഷണം, കൃപഭിഷേക ശുശ്രൂഷ, വിടുതൽ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയ്ക്ക് നേതൃത്വം നൽകും. കൺവൻഷൻ ദിവസങ്ങളിൽ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും പ്രത്യേക സൗകര്യം ചെമ്പേരി ബസിലിക്കയിൽ ക്രമീകരിച്ചിട്ടുണ്ട്.
തലശേരി അതിരൂപതയിലെ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മേഖലകളിലെ ലത്തീൻ, സീറോ മലബാർ, മലങ്കര തുടങ്ങിയ വിവിധ റീത്തുകളിലെ ഇടവകകളിൽനിന്നുമായി എത്തുന്ന 15000 ത്തോളം പേർക്ക് പങ്കെടുക്കാവുന്നരീതിയിൽ വിപുലമായ പന്തലും അനുബന്ധ സൗകര്യങ്ങളുമാണ് ചെമ്പേരി ബസലിക്ക പള്ളി ഗ്രൗണ്ടിൽ ക്രമീകരിച്ചിരിക്കുന്നത്. കൺവൻഷനിൽ പങ്കെടുക്കാൻ എത്തുന്ന രോഗികൾക്ക് പ്രത്യേക ഇരിപ്പിട സൗകര്യങ്ങൾ ക്രമീകരിക്കും.
സുരക്ഷയ്ക്കും ഗതാഗത നനിയന്ത്രണത്തിനും പോലീസും വോളന്റിയർമാരും നേതൃത്വം നൽകും. കൺവൻഷൻ കഴിഞ്ഞു വീടുകളിലേക്ക് മടങ്ങിപ്പോകുന്നതിനായി പ്രത്യേക വാഹന സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.