കാട്ടുപന്നി ആക്രമണം: മൊകേരിയിൽ ടാസ്ക് ഫോഴ്സ് പ്രവർത്തനം തുടങ്ങി
1531486
Monday, March 10, 2025 12:53 AM IST
കണ്ണൂർ: മൊകേരി പഞ്ചായത്തിലെ വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ എ.കെ. ശ്രീധരൻ മരിച്ചതിന്റെ പശ്ചാത്തലത്തിൽ മന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദേശപ്രകാരം ടാസ്ക് ഫോഴ്സ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.
ശ്രീധരൻ മരിച്ച പ്രദേശത്ത് ഇന്നലെ രാവിലെ മുതൽ കെ.പി. മോഹനൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് കാട്ടുപന്നികൾക്കായി തെരച്ചിൽ നടത്തി. അംഗീകൃത ഷൂട്ടർമാരുടെ സഹായത്തോടെയാണ് തെരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം മൊകേരിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ നിർദേശം നൽകിയത്.
ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള രണ്ട് എംപാനൽ ഷൂട്ടർമാരായ ജോബി സെബാസ്റ്റ്യൻ, സി.കെ വിനോദ്, എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് തെരച്ചിൽ നടത്തിയത്. മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ, വൈസ് പ്രസിഡന്റ് എം. രാജശ്രീ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. റഫീഖ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നെരോത്ത്, ഡപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, കർഷകർ എന്നിവരും തെരച്ചിലിനു നേതൃത്വം നൽകി.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ടാസ്ക് ഫോഴ്സിന്റെ നിർദേശങ്ങളോട് കർഷകർ സഹകരിക്കണമെന്നും എംഎൽഎ പറഞ്ഞു.