മംഗളൂരുവിൽ റഡാർ വരുന്നു
1531816
Tuesday, March 11, 2025 2:04 AM IST
മംഗളൂരു: ഉത്തരകേരളത്തിലെയും കൊങ്കൺ തീരത്തെയും കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ഫലപ്രദമാക്കാൻ മംഗളൂരുവിൽ അത്യാധുനികശേഷിയുള്ള സി ബാൻഡ് ഡോപ്ലർ റഡാർ സ്ഥാപിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന് കീഴിലാണ് മംഗളൂരു കദ്രിയിൽ റഡാർ സ്ഥാപിക്കുന്നത്. ഇതിനായുള്ള ടവറിന്റെ നിർമാണം പൂർത്തിയായി. ഡോപ്ലർ റഡാറും കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഇവിടെ സ്ഥാപിക്കുന്നതോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനം പ്രവർത്തനക്ഷമമാകും.
റഡാർ സ്ഥാപിക്കുന്ന സ്ഥലത്തിന്റെ 250 മുതൽ 300 വരെ കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ അന്തരീക്ഷ താപനില, ആർദ്രത കാറ്റിന്റെ വേഗം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ച് രേഖപ്പെടുത്താനും അവലോകനങ്ങൾ നടത്താനും ഈ സംവിധാനത്തിലൂടെ കഴിയും. മംഗളൂരുവിന് തെക്ക് കോഴിക്കോട് വരെയുള്ള പ്രദേശങ്ങൾ കൃത്യമായി ഈ റഡാറിന്റെ പരിധിയിൽ വരും.
നിലവിൽ കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കാലാവസ്ഥാ നിരീക്ഷണത്തിനുള്ള റഡാർ സംവിധാനമുള്ളത്. കൊച്ചി കഴിഞ്ഞാൽ പിന്നെ തീരദേശത്ത് റഡാറുള്ളത് ഗോവയിൽ മാത്രമാണ്. കൊച്ചിയിൽ നിന്ന് മംഗളൂരുവിലേക്ക് 400 കിലോമീറ്ററിലേറെ ദൂരമുണ്ട്. മംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് 350 കിലോമീറ്ററും. കൊച്ചിയിലെയും ഗോവയിലെയും റഡാറുകളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ചാണ് ഇതുവരെ ഉത്തരകേരളത്തിലെയും കൊങ്കൺ തീരത്തെയും കാലാവസ്ഥാ നിരീക്ഷണം നടത്തിയിരുന്നത്. ദൂരക്കൂടുതൽ മൂലം പലപ്പോഴും കാലാവസ്ഥാ പ്രവചനങ്ങളുടെ കൃത്യത കുറയുന്ന സാഹചര്യമായിരുന്നു.
ഇതോടൊപ്പം വയനാട് ജില്ലയിലെ പുൽപ്പള്ളിയിലും റഡാർ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അടുത്ത കാലവർഷത്തിനു മുമ്പ് മംഗളൂരുവിലും വയനാട്ടിലും റഡാറുകൾ പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു. സമീപകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് വയനാട്ടിൽ റഡാർ സ്ഥാപിക്കാൻ തീരുമാനിച്ചത്. രണ്ടു റഡാറുകളും പ്രവർത്തനക്ഷമമാകുന്നതോടെ ഉത്തരകേരളത്തിലെ കാലാവസ്ഥാ പ്രവചനങ്ങൾക്ക് കൃത്യതയും വേഗതയും വർധിക്കുമെന്നാണ് പ്രതീക്ഷ.