ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പന: യുവാവും പെൺസുഹൃത്തും അറസ്റ്റിൽ
1531409
Sunday, March 9, 2025 8:15 AM IST
കണ്ണൂർ: ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പനയ്ക്കെത്തിയ യുവാവും പെൺസുഹൃത്തും അറസ്റ്റിൽ. താവക്കര ബസ് സ്റ്റാൻഡിനു സമീപത്തെ നിഹാദ് മുഹമ്മദ് (31), ഇയാളുടെ പെൺ സുഹൃത്ത് പാപ്പിനിശേരി സ്വദേശിനി അനാമിക സുദീപ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 11.30 ഓടെ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സ്പെഷൽ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. നിഹാദിൽ നിന്ന് നാലു ഗ്രാം എംഡിഎംഎയും അനാമികയിൽ നിന്ന് ഒന്പത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കണ്ണൂർ കാപിറ്റൽ മാളിന് സമീപം മുഴത്തടം റോഡിൽ പ്രവർത്തിക്കുന്ന കണ്ണൂർ കാപ്പിറ്റൽ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പന നടത്താനെത്തിയതായിരുന്നു ഇരുവരും. മതിയായ രേഖകളില്ലാതെ ലോഡ്ജിൽ മുറിയെടുത്ത് നിരവധി പേർ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധനയ്ക്കെത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്.
പോലീസ് എത്തിയപ്പോൾ നിഹാദും അനാമികയും അങ്ങോട്ട് വരികയും പോലീസിനെ കണ്ടപ്പോൾ പരുങ്ങുകയും ഇറങ്ങി ഓടാൻ ശ്രമിക്കുകയുമായിരുന്നു. ഇരുവരെയും പോലീസ് കീഴ്പെടുത്തി ചോദ്യം ചെയ്തപ്പോഴാണ് പോക്കറ്റിൽ നിന്ന് എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയത്. പിടിയിലായവർ മട്ടന്നൂർ, വളപട്ടണം, കണ്ണൂർ എന്നിവിടങ്ങളിലെ കേസുകളിൽ പ്രതിയാണെന്നും നിഹാദ് കാപ്പാകേസിൽ ജയിലിൽ പോയി ഇറങ്ങിയിട്ട് കുറച്ച് കാലമേയായുള്ളുവെന്നും പോലീസ് പറഞ്ഞു. ഇരുവരും മയക്കുമരുന്ന് കാരിയർമാരാണെന്ന് സമൂഹ മാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതേതുടർന്ന് ഇരുവരും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് പിടിയിലായത്. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്ഐ വിനോദ്, പോലീസുകാരായ സുജിത്ത്, ബൈജു, മിഥുൻ, മിനി, റമീസ്, നാസർ, അഖിൽ, അഫ്സീർ എന്നിവരും ഉണ്ടായിരുന്നു.