മലഞ്ചരക്കിന് നല്ല വിലക്കാലം; കർഷകന് വിളവില്ലാക്കാലം
1531475
Monday, March 10, 2025 12:53 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: സംസ്ഥാനത്ത് റബർ, മഞ്ഞൾ, കാപ്പിക്കുരു, തേങ്ങ തുടങ്ങിയ മലഞ്ചരക്ക് ഉത്പന്നങ്ങൾക്ക് വില ഉയരുകയാണ്. ഗ്രേഡ് റബറിന് 200 രൂപയ്ക്ക് അടുത്തെത്തി. ടാപ്പിംഗ് കൂലി കൂടുതലായതും ആളെ കിട്ടാനില്ലാത്ത സാഹചര്യത്തിൽ കർഷകർ ഇപ്പോൾ ഷീറ്റ് ആക്കാതെ ഷെല്ലാക്കുകയാണ് ചെയ്തു വരുന്നത്. ഷെല്ലിനും ന്യായമായ വില ലഭിക്കുന്നുണ്ട്.
130 രൂപ മുതൽ 135 രൂപ വരെ ലഭിക്കുന്നുണ്ട്. നേരത്തെ കടുത്ത വേനൽ തുടങ്ങിയതും കാര്യമായ മഞ്ഞ് ഉണ്ടാകാതിരുന്നതും റബറിന്റെ ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
മഞ്ഞളിന് 200 രൂപ വരെ ഉണ്ട്. വ്യാപകമായ കൃഷി നടത്താത്തതിനാൽ ഇത് കച്ചവടക്കാർ എടുക്കാൻ വിമുഖത കാണിക്കുകയാണ്. ക്വിന്റൽ കണക്കിനു സാധനം കിട്ടാത്തതാണ് ഇതിനു കാരണം. തേങ്ങ കർഷകനിൽനിന്ന് 58-60 രൂപയ്ക്കുവരെ എടുക്കുന്നുണ്ട്. ഇത് പൊതുവിപണിയിൽ എത്തുന്പോഴേക്കും 70 രൂപയ്ക്ക് മുകളിലാണ്. കടുത്ത ചൂട് മൂലം മച്ചിങ്ങാ പിടിത്തവും കുറവാണ്. അതോടൊപ്പം കരിക്കിന് ആവശ്യക്കാർ ഏറിയതും തേങ്ങ കുറയാൻ കാരണമായിട്ടുണ്ട്.
കാപ്പിക്കുരുവിനും അടയ്ക്കയ്ക്കും 300 രൂപ വരെ കച്ചവടം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ അപേക്ഷിച്ച് ഈ വിളകൾക്കെല്ലാം കാര്യമായ വിലവർധനയാണ് ഉണ്ടായിരിക്കുന്നത്. ഉണങ്ങിയ കൊക്കോയ്ക്ക് ഇപ്പോൾ 500 രൂപ വരെ ലഭിക്കുന്നു.
കഴിഞ്ഞവർഷം ഇതേ സമയം 800 രൂപയ്ക്ക് മുകളിലായിരുന്നു വില. 1000 രൂപ വരെ എത്തുകയും ചെയ്തിരുന്നു. മലബാർ മേഖലയിലെ മലഞ്ചരക്ക് വ്യാപാരം നിയന്ത്രിക്കുന്നത് കർണാടക ലോബിയാണെന്നതും കർഷകർക്ക് പലപ്പോഴും തിരിച്ചടിയാകാറുണ്ട്.