400 കെവി ലൈൻ നഷ്ടപരിഹാര പാക്കേജ്; സർവേ നടപടികൾ ആരംഭിച്ചു
1532071
Wednesday, March 12, 2025 1:22 AM IST
ഇരിട്ടി: നഷ്ടപരിഹാര പാക്കേജിൽ തട്ടി പ്രവൃത്തി നിലച്ചിരുന്നു 400 കെവി ലൈനിന് വീണ്ടും ജീവൻ വയ്ക്കുന്നു. ഫെബ്രുവരി 11 ന് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് എംഎൽഎമാരടക്കം പങ്കെടുത്ത ഉന്നതതല ചർച്ചയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം നഷ്ടപ്പെടുന്ന കർഷകരുടെ നഷ്ടം കണക്കാക്കാൻ സർവേ നടപടികൾ ആരംഭിച്ചു. ഇന്നലെ അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ് വാർഡിൽ മമ്പള്ളിക്കുന്നേൽ റെജിയുടെ സ്ഥലത്തെത്തി കെഎസ്ഇബി ട്രാൻസ്ഗ്രിഡ് അധികൃതർ സർവേയുടെ പ്രാഥമിക നടപടികൾ ആരംഭിച്ചു.
പരിശോധനയിൽ നഷ്ടമാകുന്ന സ്ഥലത്തിന്റെ അളവ്, മരങ്ങളുടെ കണക്ക്, കായ്ഫലങ്ങളെക്കുറിച്ചുള്ള കണക്കുകൾ എന്നിവയാണ് ശേഖരിക്കുന്നത്. കണക്കെടുപ്പ് നാലുമാസംകൊണ്ട് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് നഷ്ടപരിഹാരത്തുക നിശ്ചയിക്കും. ജനപ്രതിനിധികളുടെയും സമരസമിതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ സ്ഥലം പരിശോധിച്ച അധികൃതർ കണക്കെടുപ്പ് നടത്താനുള്ള സമ്മതപത്രം സ്ഥലം ഉടമയിൽനിന്നു ശേഖരിച്ചു.
പാക്കേജിൽ പ്രതീക്ഷ
പുതുതായി ആരംഭിച്ച കണക്കെടുപ്പിൽ ശരിയായ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കണ്ണൂർ ജില്ലയിൽ പൂർണമായും കൃഷിഭൂമിയിലൂടെ കടന്നുപോകുന്ന ലൈൻ കർഷകർക്ക് ഭീമമായ നഷ്ടമാണ് വരുത്തിവയ്ക്കുന്നത്. കൃഷിഭൂമി നഷ്ടപ്പെടുന്ന കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കാതെ നിർമാണം അനുവദിക്കില്ല എന്ന നിലപാടിൽ കർഷകരും സമരസമിതിയും ഉറച്ചുനിന്നതോടെ പദ്ധതി നിലച്ചുപോകുകയായിരുന്നു. ടവർ നിർമിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ജനങ്ങൾ തടഞ്ഞ് തിരിച്ചയച്ചിരുന്നു.
നിലവിൽ കൃഷിക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തിന് പുറമെ ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് സെന്റിന് ഒരു ലക്ഷം രൂപയും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് സെന്റിന് 50,000 രൂപയുമാണ് കർഷകരുടെ ആവശ്യം. പരിശോധനാ സംഘത്തിൽ പഞ്ചയാത്തംഗങ്ങളായ മിനി വിശ്വനാഥൻ, ലിസി തോമസ്, ആക്ഷൻ കമ്മറ്റി ഭാരവാഹി ബെന്നി പുതിയാംപുറം, പൊതുപ്രവർത്തകൻ തോമസ് വലിയത്തൊട്ടി,
കെഎസ്ഇബി ട്രാൻസ്ഗ്രിഡ് സബ് എൻജിനിയർമാരായ പി.വി. ഷൈബു, വി. അമർജിത്ത്, ആർ. അനുരാഗ് എന്നിവർ ഉണ്ടായിരുന്നു .