എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേ: കണ്ണൂർ മികച്ച വിമാനത്താവളം
1531819
Tuesday, March 11, 2025 2:04 AM IST
മട്ടന്നൂർ: എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ 2024ലെ എയർപോർട്ട് ക്വാളിറ്റി സർവേയിൽ കണ്ണൂർ വിമാനത്താവളം മികച്ച വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ടു. പ്രതിവർഷം 20 ലക്ഷത്തിൽ താഴെ യാത്രക്കാരുള്ള വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് കണ്ണൂരിന് അംഗീകാരം ലഭിച്ചത്.
വിമാനത്താവളത്തിലെ ആഗമനം, ചെക്ക് ഇൻ സൗകര്യങ്ങൾ, സുരക്ഷാ പരിശോധന, എമിഗ്രേഷൻ, മറ്റു സൗകര്യങ്ങൾ തുടങ്ങി 32 ഘടകങ്ങൾ പരിഗണിച്ചാണ് സർവേ നടത്തുന്നത്. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ പോർട്ടൽ വഴി യാത്രക്കാരിൽ നിന്നുള്ള പ്രതികരണങ്ങൾ കൂടി പരിഗണിച്ചാണു മികച്ച വിമാനത്താവളത്തെ തെരഞ്ഞെടുക്കുന്നത്.
അംഗീകാരത്തിന് അർഹമായ കണ്ണൂർ വിമാനത്താവളത്തെ എസിഐ ഡയറക്ടർ ജനറൽ ജസ്റ്റിൻ എർബാക്കി അനുമോദിച്ചു. പുരസ്കാരം യാത്രക്കാർക്ക് സമർപ്പിക്കുന്നതായും കൂടുതൽ ഉപഭോക്തൃ സൗഹൃദമായും മികവോടെയും പ്രവർത്തിക്കാൻ കിയാലിന് ഇത് പ്രചോദനമേകുമെന്നും കിയാൽ എംഡി സി. ദിനേശ്കുമാർ അറിയിച്ചു.