ആലക്കോട് പള്ളിയിലെ ആഴ്ചച്ചന്ത ശ്രദ്ധേയമാകുന്നു
1531489
Monday, March 10, 2025 12:53 AM IST
ആലക്കോട്: കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാനും ആവശ്യക്കാർക്ക് വിലക്കുറവിൽ വിഷരഹിത ഉത്പന്നങ്ങൾ വാങ്ങുന്നതിനുമായി ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച ആഴ്ചച്ചന്ത ശ്രദ്ധേയമാകുന്നു.
കർഷകരിൽ നിന്ന് നേരിട്ട് കപ്പ, ഇഞ്ചി,വാഴക്കുലകൾ, ചേന, ചേമ്പ്, മത്തൻ, പയർ തുടങ്ങിയ വിവിധ പച്ചക്കറികൾ പഴവർഗങ്ങൾ എന്നിവ ശേഖരിച്ച് ആവശ്യക്കാർക്ക് ആഴ്ചച്ചന്തയിലൂടെ എത്തിക്കുകയാണ്. ശനിയാഴ്ചക്ക് മുമ്പ് കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ ശേഖരിച്ച് ഞായറാഴ്ചകളിൽ രാവിലെ മുതൽ ചന്ത തുടങ്ങും. കുർബാനക്ക് ശേഷമാണ് വിപണനം.
കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ പള്ളിയിലെത്തി വിൽക്കുകയും ചെയ്യാം. മാർക്കറ്റ് വിലയെക്കാൾ കൂട്ടിയാണ് കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ ശേഖരിക്കുന്നത്. അതേസമയം ഉപഭോക്താക്കൾക്ക് മിതമായ വിലയിൽ ലഭ്യമാക്കുന്നുമുണ്ട്. ഇടനിലക്കാരില്ലാത്തതിനാൽ കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമാണ്. നാലുമാസം മുമ്പാണ് ഫൊറോന വികാരി ഫാ. ആന്‍ണി പുന്നൂരിന്റെ നേതൃത്വത്തിൽ ചന്ത ആരംഭിച്ചത്. ആഴ്ചച്ചന്തയിൽ നിന്നുള്ള ലാഭവിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്.
ബയോമൗണ്ടൻ കമ്പിനിയുടെ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് പുറമെ ജാതിമത ഭേദമന്യേ ആളുകൾ സാധനങ്ങൾ വാങ്ങാനെത്തുന്നുണ്ട്. പള്ളി ട്രസ്റ്റിമാരുടെ നേതൃത്വത്തിലാണ് ഉത്പന്നങ്ങളുടെ സംഭരണവും വിപണനവും നടത്തുന്നത്. റസിഡന്റ് വികാരി ഫാ. തോമസ് നീണ്ടൂര്‍, അസി. വികാരി ഫാ. എബിൻ മുള്ളംകുഴി, കമ്മറ്റി അംഗങ്ങൾ എന്നിവരും ചന്തയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.