കാര്‍ ഡിവൈഡറില്‍ തട്ടിമറിഞ്ഞ് കത്തിനശിച്ചു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
1532077
Wednesday, March 12, 2025 1:22 AM IST
മാഹി: തലശേരി -മാഹി ബൈപ്പാസിൽ കക്കടവിന് സമീപം കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് തീപിടിച്ചു. ഗുരുതര പരിക്കോടെ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു.
തലശേരി ഭാഗത്തുനിന്ന് വടകരയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. മാങ്ങാട്ടിടം സ്വദേശി പ്രദീപന് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. പ്രദീപന്റെ മകൻ പ്രയാഗിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു. തലശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തില്‍ പ്രയാഗ് മാത്രമാണ് ഉണ്ടായിരുന്നത്. മാഹി, വടകര എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ചോമ്പാല്‍ പോലീസും ചേര്‍ന്നാണ് തീയണച്ചത്.