കേരളത്തിലെ വിദ്യാഭ്യാസം സാമൂഹ്യ, സാമ്പത്തിക പുരോഗതിക്ക് അടിത്തറയിട്ടു: മന്ത്രി വി. ശിവൻകുട്ടി
1514517
Sunday, February 16, 2025 1:20 AM IST
പയ്യന്നൂർ: കേരളത്തിലെ വിദ്യാഭ്യാസം കേവലമൊരു പദവിയല്ലെന്നും ലിംഗഭേദം, ജാതി, സാമ്പത്തിക പശ്ചാത്തലം എന്നിവ പരിഗണിക്കാതെ എല്ലാവർക്കും പ്രാപ്യമാകുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി. പയ്യന്നൂർ നഗരസഭയ്ക്ക് കീഴിലെ വെള്ളൂർ ഗവ. എൽപി സ്കൂളിൽ കെട്ടിടോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് 2022-23 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ ചെലവഴിച്ച് നിലവിലെ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ നാല് ക്ലാസ് മുറികളും മൂന്ന് നിലകളിലായി 18 ശുചിമുറികളുമാണ് സ്കൂളിൽ നിർമിച്ചത്.
പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, മുൻ എംഎൽഎ സി. കൃഷ്ണൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി.പി. സമീറ, സി. ജയ, കൗൺസിലർമാരായ ടി. ദാക്ഷായണി, ഇ. ഭാസ്കരൻ, ജനപ്രതിനിധികൾ, എഇഒ ടി.വി. ജ്യോതിബസു, മുഖ്യാധ്യാപകൻ ഇ. സതീശൻ, വെള്ളൂർ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ കെ. ജയചന്ദ്രൻ, മുഖ്യാധ്യാപിക വി. ദീപ പിടിഎ ഭാരവാഹികൾ വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.