വിദ്യാർഥികൾക്കിടയിലെ ലഹരി തടയൽ പ്രഹസനം
1514516
Sunday, February 16, 2025 1:20 AM IST
സ്വന്തം ലേഖിക
കണ്ണൂർ: സ്കൂൾ, കോളജ് വിദ്യാർഥികളിൽ ലഹരി ഉപയോഗം വർധിക്കുമ്പോഴും ലഹരിക്ക് തടയിടാൻ ശാശ്വത പരിഹാരം കാണാനാകാതെ അധികൃതർ. ലഹരിക്ക് തടയിടാൻ എക്സൈസിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ആരംഭിച്ച പല പദ്ധതികളും പാതി വഴിയിൽ നിലച്ച സ്ഥിതിയാണ്.
സ്കൂൾ, കോളജ് കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും വിദ്യാർഥികളിലേക്ക് ലഹരി സുലഭമായി ഒഴുകിയെത്തുകയാണ്. മുൻവർഷങ്ങളിൽ 20 ശതമാനം വിദ്യാർഥികൾ മാത്രമാണ് ലഹരി ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ 40 ശതമാനത്തോളം വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്.
ആദ്യകാലങ്ങളിൽ കഞ്ചാവായിരുന്നെങ്കിൽ ഇപ്പോൾ എംഎഡിഎംഎ പോലുള്ള സിന്തറ്റിക്ക് ലഹരി വസ്തുക്കളാണ് വിദ്യാർഥികൾ കൂടുതലും ഉപയോഗിക്കുന്നതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. ആദ്യം വിദ്യാർഥികൾക്ക് സൗജന്യമായി ലഹരി വിതരണം ചെയ്യുകയും പിന്നീട് ഇവരെ ലഹരി വില്പന ഏജന്റുമാരായി കൂടെ കൂട്ടുകയുമാണ് ലഹരി മാഫിയ ചെയ്യുന്നത്. സമീപകാലത്ത് ലഹരിമരുന്നുമായി പിടിയിലായവരിൽ ഭൂരിഭാഗവും സ്കൂൾ-കോളജ് കേന്ദ്രീകരിച്ച് ലഹരി വിതരണം ചെയ്യുന്നവരായിരുന്നു.
ജില്ലയിൽ എല്ലാ സ്കൂളുകളിലും നിരീക്ഷണത്തിനായി ഒരു പോലീസ് ഉദ്യോഗസ്ഥനെയോ എക്സൈസ് ഉദ്യോഗസ്ഥനെയോ നിയമിക്കുമെന്ന് പറഞ്ഞിരുന്നു. പെൺകുട്ടികൾക്കായി വനിതാ സ്ക്വാഡിനെയും നിയമിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, പദ്ധതിയുടെ തുടക്കത്തിൽ നിരീക്ഷണം ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം കുറഞ്ഞു.
നിലവിൽ എക്സൈസ്, പോലീസ്, അധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾപരിസരത്തെ കച്ചവടക്കാർ തുടങ്ങി എല്ലാവരെയും ഉൾപ്പെടുത്തി ജാഗ്രത സമിതി പ്രവർത്തിക്കുന്നുണ്ട്. മാസത്തിലൊരിക്കൽ ഇവരെയെല്ലാവരെയും ഉൾക്കൊള്ളിച്ച് യോഗം വിളിച്ച് ചേർക്കാറുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഇതുകൊണ്ട് മാത്രം ലഹരിക്ക് തടയിടാൻ കഴിയില്ലെന്നാണ് അധ്യാപകരും രക്ഷിതാക്കളും പറയുന്നത്.
വല്ലപ്പോഴുമുള്ള
ബോധവത്കരണം
എല്ലാ വർഷവും സ്കൂൾ അധ്യയന വർഷ ആരംഭത്തിൽ തന്നെ സ്കൂളുകൾ എക്സൈസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണം നടത്താറുണ്ട്. ലഹരി ഉപയോഗത്തേയും അതിന്റെ ദൂഷ്യഫലങ്ങളെയുംകുറിച്ച് കുട്ടികളിൽ അവബോധം വളർത്തിയെടുക്കുകയെന്നതാണ് ബോധവത്കരണ ക്ലാസുകളുടെ ലക്ഷ്യം. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും എക്സൈസ് ബോധവത്കരണം നടത്താറുണ്ടായിരുന്നു.
എക്സൈസിന്റെ ലഹരി വിരുദ്ധ ക്ലബുകളും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സ്കൂളുകളുടെ സമീപത്തുള്ള കടകൾ കേന്ദ്രീകരിച്ച് പോലീസും എക്സൈസും പരിശോധന നടത്താറുമുണ്ട്. എന്നാൽ, ഇതെല്ലാം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മാത്രമേ നടക്കുന്നുള്ളൂവെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
പരാതിപ്പെട്ടികൾ
നിർജീവം
ലഹരി ഉപയോഗത്തെക്കുറിച്ചും വില്പന സംഘങ്ങളെക്കുറിച്ചും വിദ്യാർഥികൾക്ക് അധ്യാപകരോടും രക്ഷിതാക്കളോടും തുറന്നു പറയാൻ പറ്റത്ത സാഹചര്യം ഉണ്ടായാൽ അതിനായി സ്കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിച്ചിരുന്നു. പേര് തിരിച്ചറിയുമെന്ന് പേടിയുള്ള വിദ്യാർഥികൾക്ക് പ്രശ്നങ്ങൾ പേര് വയ്ക്കാതെ തന്നെ പരാതിപ്പെട്ടിയിലൂടെ എഴുതിയിടാം. പെട്ടി സ്ഥാപിച്ച ഉടനെ നിരവധി പരാതികൾ ലഭിച്ചിരുന്നു. വിദ്യാർഥികൾ ഇപ്പോൾ ഇതിൽ പരാതികളൊന്നും എഴുതിയിടാറില്ലെന്നാണ് അധികൃതർ പറയുന്നത്.