വയോജനങ്ങളെ ചേർത്തുപിടിച്ച് "ഫസ്റ്റ് ലൗ'
1514257
Saturday, February 15, 2025 1:51 AM IST
കണ്ണൂർ: ജീവിതത്തിൽ പലകാരണങ്ങൾ കൊണ്ട് ഒറ്റപ്പെട്ടുപോയവരെ ചേർത്തുപിടിച്ചുകൊണ്ട് തലശേരി എൻജിനിയറിംഗ് കോളജ് യൂണിയൻ, എൻഎസ്എസ് യൂണിറ്റ് മെയിന്റനൻസ് ട്രൈബ്യൂണലിന്റെ കീഴിലുള്ള ആർദ്രദീപം എന്നിവ സംഘടിപ്പിച്ച "ഫസ്റ്റ് ലൗ' പരിപാടി തലശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി ഉദ്ഘാടനം ചെയ്തു.
വയോജനങ്ങൾക്ക് ബോധവത്കരണവും, മാനസികവും ആരോഗ്യപരവുമായ സഹായം ആവശ്യമാണെന്നും, വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായവർ മാതാപിതാക്കൾ തന്നെയാണെന്നും സബ് കളക്ടർ പറഞ്ഞു. വയോജനങ്ങളോടൊപ്പം സമയം ചെലവഴിക്കാനും മാനസികമായി ചേർത്ത് പിടിക്കുവാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തലശേരി നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനറാണി മുഖ്യാതിഥിയായിരുന്നു. അനാഥർക്കും അഗതികൾക്കും വിധവകൾക്കും കിടപ്പിലായവർക്കും അഭയം നൽകുന്ന തറവാട് ഹാപ്പി ഹോമിലെ 18 പേരാണ് പരിപാടിയിൽ പങ്കുചേർന്നത്. തുടർന്ന് വിദ്യാർഥികളുടെയും വയോജനങ്ങളുടേയും കലാപരിപാടികളും അരങ്ങേറി.
എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി. രാജീവ് അധ്യക്ഷനായിരുന്നു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി. ബിജു, കെ. നിസാർ, വി.പി. അബ്ദുൾ ഖാദർ, പി. അബ്ദുൾ മജീദ് എന്നിവർ പങ്കെടുത്തു.