സംസ്ഥാനത്ത് ഡിജിറ്റൽ എൻഡോഴ്സ്മെന്റ് ഈ വർഷം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
1514256
Saturday, February 15, 2025 1:51 AM IST
കണ്ണൂർ: ആധാരം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ മുൻ ആധാരം ഉടൻ തിരികെ നല്കുന്നതിനു പുറമെ അനുബന്ധ നടപടികളും വേഗത്തിലാക്കാനുള്ള ഡിജിറ്റൽ എൻഡോഴ്സ്മെന്റ് സംവിധാനം സംസ്ഥാനത്ത് ഈ വർഷം തന്നെ നടപ്പിലാക്കുമെന്ന് രജിസ്ട്രേഷൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ താലൂക്ക് ഹാളിൽ രജിസ്ട്രേഷൻ വകുപ്പിന്റെ കണ്ണൂർ ജില്ലാതല അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കാസർഗോഡ് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ റവന്യൂ-രജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ സംയോജിത പോർട്ടൽ 'എന്റെ ഭൂമി'യുടെ ഫലങ്ങൾ വിലയിരുത്തി സംസ്ഥാനത്താകെ നടപ്പാക്കും. ഇതോടെ ഭൂമിസംബന്ധമായ ഇടപാടുകൾ കൂടുതൽ സുഗമവും സുതാര്യവുമാകും. ഒരാൾ പല ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യം ഒഴിവാകും.
താലൂക്ക് ഹാളിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിൽ രജിസ്ട്രേഷൻ വകുപ്പിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. രജിസ്ട്രേഷൻ ഓഫീസുകൾ കാര്യക്ഷമമായി പ്രവർത്തി ക്കുന്നതിനും വിപുലമായ പ്രവർത്തന മേഖല ഉയർത്തുന്നതിനുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.
ആധാരം രജിസ്ട്രേഷൻ, വരുമാനം, നേട്ടങ്ങളും പ്രശ്നങ്ങളും, ഓഫീസുകൾ മെച്ചപ്പെടുത്തുന്നതിനു ള്ള തുടർനടപടികൾ, വിവിധ സ്കീമുകൾ എന്നിവ സംബന്ധിച്ചും അവലോകനം നടത്തി.
രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ശ്രീധന്യ സുരേഷ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സതീഷ് ഓവ്വാട്ട്, ജില്ലാ രജിസ്ട്രാർ ജനറൽ എ.ബി. സത്യൻ, ജില്ലാ രജിസ്ട്രാർ ഓഡിറ്റ് രാജേഷ് ഗോപൻ, ചിട്ടി ഓഡിറ്റർ സി.കെ. റീത്ത, ചിട്ടി ഇൻസ്പെക്ടർ വി.സന്തോഷ് കുമാർ, ജില്ലയിലെ സബ് രജിസ്ട്രാർമാർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.