തെരുവു നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നല്കി
1514255
Saturday, February 15, 2025 1:51 AM IST
ഇരിട്ടി: ഇരിട്ടി നഗരസഭ പേവിഷ മുക്തമാക്കി മാറ്റുന്നതിന്റെ ഭാഗമായി തെരുവു നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി. നഗരത്തിലും സമീപ പ്രദേശങ്ങളിലും അലഞ്ഞ് തിരിയുന്ന 120 നായകളെ പിടികൂടി കുത്തിവയ്പ്പെടുത്തു. നഗരസഭ ഇരിട്ടി വെറ്ററിനറി പോളിക്ലിനിക്കുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
മുനിസിപ്പൽ ചെയർപേഴ്സൻ കെ. ശ്രീലത വെറ്ററിനറി സർജൻ ഡോ. ജോഷി ജോർജിന് പ്രതിരോധ വാക്സിൻ കൈമാറി ഉദ്ഘാടനം ചെയ്തു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എ.കെ. ഷൈജു, സി.കെ. അനിത എന്നിവർ പ്രസംഗിച്ചു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന ആനിമൽ റസ്ക്യു ഫോഴ്സിലെ അഞ്ച് അംഗങ്ങൾ അടങ്ങിയ ടീമാണ് തെരുവു നായയെ പിടികൂടി പ്രതിരോധ വാക്സിൻ നൽകുന്നത്. കൂടാതെ എബിസി പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് തെരുവ് നായകളുടെ വന്ധ്യംകരണ പദ്ധതിയും നഗരസഭ നടത്തുന്നുണ്ട്.