കണ്ണൂർ യൂണിവേഴ്സിറ്റി വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും
1514254
Saturday, February 15, 2025 1:51 AM IST
കണ്ണൂർ: അക്കാഡമിക് മേഖലയിൽ കണ്ണൂർ യൂണിവേഴ്സിറ്റി രാജ്യത്ത് പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്ന് പരസ്പര ധാരണയോടെ പ്രവർത്തിക്കും. ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രം ഒപ്പു വയ്ക്കാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. അഹമ്മദാബാദിലെ എന്റർപ്രണോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കോട്ടയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസ്, കൊച്ചിയിലെ മാനേജ്മെന്റ് അസോസിയേഷൻ എന്നിവയുമായാണ് സഹകരിച്ചു പ്രവർത്തിക്കുന്നതിന് ധാരണാ പത്രം ഒപ്പു വയ്ക്കാൻ തീരുമാനമായത്.
ഡിപ്പാർട്ട്മെന്റുകളിലെയും സെന്ററുകളിലെയും അലുംമ്നി അസോസിയേഷനുകളിൽ വനിതകൾക്ക് 33 ശതമാനം സംവരണം നൽകി ബൈലോ സിൻഡിക്കേറ്റ് അംഗീകരിച്ചു. കെ റീപ് സോഫ്റ്റ്വേർ എഫ്വൈയുജിപി കരിക്കുലം അനുസരിച്ച് പരീക്ഷ എഴുതുന്ന പ്രൈവറ്റ് വിദ്യാർഥികൾക്കും ഉപയോഗപ്രദമാകും വിധം പരിഷ്ക്കരിക്കും. അഫിലിയേറ്റ് കോളജുകളിൽനിന്നും 2025 - 26 വർഷത്തേക്കുള്ള മാർജിനൽ ഇൻക്രീസിനു അപേക്ഷകൾ ക്ഷണിക്കാനും തീരുമാനിച്ചു.
സർവകലാശാലയുടെ വാർഷിക റിപ്പോർട്ട് അംഗീകരിച്ചതിനൊപ്പം രജിസ്ട്രാർ ഡോ. ജോബി കെ. ജോസിന്റെ പ്രൊബേഷൻ അംഗീകരിക്കൽ, കണ്ണൂർ എസ് എൻ കോളജിലെ നാല് അസി. പ്രഫസർമാർക്കുള്ള നിമയനാംഗീകാരം, വിവിധ കോളജുകളിലെ 21 അസി. പ്രഫസർമാരുടെ സ്ഥാനക്കയറ്റം എന്നിവയും സിൻഡിക്കേറ്റ് അംഗീകരിച്ചു.