കണ്ണൂർ നഗരത്തിൽ മോഷണം നടത്താൻ പദ്ധതിയിടുന്നതിനിടെ മൂന്നു പേർ പിടിയിൽ
1514253
Saturday, February 15, 2025 1:51 AM IST
കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിൽ സാമൂഹ്യവിരുദ്ധർ തമ്പടിച്ചിട്ടുണ്ടെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ മൂന്ന് പേർ പിടിയിൽ. പറശിനിക്കടവ് സ്വദേശി ബൈജു എന്ന കണ്ടൻ ബൈജു(42), കണ്ണാടിപ്പറന്പ് സ്വദേശി വർഗീസ്(46) അഴീക്കോട് ചെമ്മശേരിപാറ സ്വദേശി അർഫീൻ (34) എന്നിവരെയാണ് ഇന്നലെ പുലർച്ചെ പോലീസ് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.
പോലീസ് പഴയ ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷന് സമീപം വാഹനം നിർത്തിയപ്പോൾ മൂന്ന പേർ പതുങ്ങി നിൽക്കുന്നതായി കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് മോഷണം ആസൂത്രണം ചെയ്യുന്നതാണെന്ന് പോലീസിന് മനസിലായത്. പിടിയിലായ ബൈജു കണ്ണൂർ ടൗൺ സ്റ്റേഷനിലും വളപട്ടണം പോലീസ് സ്റ്റേഷനിലും നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ ദിവസമാണ് വളപട്ടണം പോലീസ് സ്റ്റേഷനിലെ ഒരു മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് മോഷണം നടത്താൻ പദ്ധതിയിടുമ്പോഴാണ് പ്രതികൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പഴയ ബസ് സ്റ്റാൻഡിലെ കടയിലെത്തി മൂന്നു പ േർ ചായ കുടിച്ച ശേഷം യാതൊരു പ്രകോപനവുമില്ലാതെ കടയുടമയെ ചീത്തവിളിക്കുകയും സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പോലീസ് പഴയ ബസ് സ്റ്റാൻഡിൽ പരിശോധന നടത്തിയത്.