തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ജൂബിലി വർഷ യൂറോപ്പ് മരിയൻ തീർഥാടനം
1514252
Saturday, February 15, 2025 1:51 AM IST
തലശേരി: തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ജൂബിലി വർഷത്തിൽ യൂറോപ്പ് മരിയൻ തീർഥാടനം നടത്തുന്നു. പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ 2025 ജൂബിലി വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജൂബിലി വർഷങ്ങളിൽ മാത്രം മാർപാപ്പ തുറക്കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിലിലൂടെ പ്രവേശിച്ച് ദണ്ഡവിമോചനം പ്രാപിക്കാനും പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശീർവാദം സ്വീകരിക്കാനും തലശേരി അതിരൂപതയുടെ മരിയൻ പിൽഗ്രിം മിനിസ്ട്രി അവസരം ഒരുക്കും.
2025 മേയ് 11 ന് ആരംഭിക്കുന്ന യാത്ര 16 ദിവസം നീണ്ടുനിൽക്കും. വത്തിക്കാൻ മ്യൂസിയവും സിസ്റ്റൈൻചാപ്പലും സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയും റോമിലെ പ്രധാനപ്പെട്ട എല്ലാ ദേവാലയങ്ങളും കൊളോസിയവും സന്ദർശനത്തിൽ ഉൾപ്പെടും. തുടർന്ന് അസീസി, പാദുവ സന്ദർശിക്കുന്നതിനോടൊപ്പം വെനീസിലൂടെ മനോഹരമായ യാത്രയും ഉണ്ടാകും. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ രാജ്യങ്ങളിൽ ഒന്നായ സ്വിറ്റ്സർലാൻഡിന്റെ മനോഹാരിത ആസ്വദിക്കാനും അവസരം ഉണ്ടാകും. ജർമനിയിലെ ബെൻസ് മ്യൂസിയവും മറ്റ് ആകർഷണീയ സ്ഥലങ്ങളും സന്ദർശത്തിൽ ഉൾപ്പെടും.
ബ്ലാക്ക് ഫോറസ്റ്റിലൂടെയുള്ള യാത്ര, പാരീസിന്റെ ഏറ്റവും വലിയ ആകർഷണമായ ഈഫൽ ടവർ സന്ദർശനം, സീൻ നദിയിലുള്ള ബോട്ട് യാത്ര എന്നിവയും ഇതിൽപ്പെടും. പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട ലൂർദിൽ ഒരു പകലും രാത്രിയും താമസിച്ച് മെഴുകുതിരി പ്രദക്ഷിണത്തിൽ പങ്കുചേരാൻ അവസരമൊരുക്കും. ഫാത്തിമയിലും സന്ദർശനം നടത്തും. ലയോളയിൽ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെയും ആവിലായിൽ വിശുദ്ധ അമ്മ ത്രേസ്യയുടെയും ദേവാലയങ്ങൾ സന്ദർശിക്കും.
ഇറ്റലി, വത്തിക്കാൻ, സ്വിറ്റ്സർലാൻഡ്, ജർമനി, ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലൂടെയും നടത്തുന്ന ഈ യാത്ര നയിക്കുന്നത് തലശേരി അതിരൂപത മരിയൻ പിൽഗ്രിം മിനിസ്ട്രിയുടെ ഡയറക്ടറും നിരവധി യാത്രകൾക്ക് നേതൃത്വം നൽകി പരിചയസമ്പന്നനുമായ ഫാ. ജോർജ് വെള്ളരിങ്ങാട്ടാണ്. യാത്രയെക്കുറിച്ച് കൂടുതൽ അറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി 7306266198 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.