പെരിങ്ങോം-വയക്കര പഞ്ചായത്ത് വാതകശ്മശാനം: വിജിലൻസ് അന്വേഷണം വേണമെന്ന് യുഡിഎഫ്
1514246
Saturday, February 15, 2025 1:51 AM IST
ചെറുപുഴ: പെരിങ്ങോം വയക്കര പഞ്ചായത്തിലെ വാതക ശ്മശാന നിർമാണത്തിലെ ക്രമവിരുദ്ധ കാര്യങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. നിർമാണത്തിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രക്ഷോഭത്തിന്റെ ഭാഗമായി 26ന് വൈകുന്നേരം നാലിന് പെരിങ്ങോം ടൗണിൽ പൊതുയോഗം നടത്തുമെന്ന് യുഡിഎഫ് പെരിങ്ങോം-വയക്കര പഞ്ചായത്ത് ചെയർമാൻ കെ.എം. കുഞ്ഞപ്പൻ, യുഡിഎഫ് പയ്യന്നൂർ നിയോജക മണ്ഡലം ചെയർമാൻ എം. ഉമ്മർ, പെരിങ്ങോം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.കെ. രാജൻ എന്നിവർ അറിയിച്ചു.
പഞ്ചായത്തിലെ 13-ാം വാർഡിൽ ആറുവർഷം മുന്പാണ് വാതക ശ്മശാനത്തിന്റെ പ്രവൃത്തിയാരംഭിച്ചത്. ടെൻഡർ നടപടികൾ ഉൾപ്പടെ നിയമങ്ങളോ നിബന്ധകളോ പാലിക്കാതെ തൃശൂരിലെ അർദ്ധസർക്കാർ സ്ഥാപനമായ സിൽക്കിന് (സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള) 64,33,400 രൂപയ്ക്ക് നിർമാണ പ്രവൃത്തി നൽകുന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
പ്രവൃത്തിക്ക് അനുമതി നൽകേണ്ട കണ്ണൂർ ശുചിത്വ മിഷന്റെ അനുമതി വാങ്ങാതെയാണ് പ്രവൃത്തി ആരംഭിച്ചത്. 64,33,400 രൂപയ്ക്ക് കരാർ നൽകിയെങ്കിലും 59,33,306 രൂപയാണ് സിൽക്ക് എസ്റ്റിമേറ്റ് നൽകിയത്. ഇത് ക്രമക്കേടിന്റെ തെളിവാണ്. കെട്ടിട നിർമാണം 75 ശതമാനം പൂർത്തിയാക്കി അംഗീകാരത്തിന് പഞ്ചായത്ത് ശുചിത്വമിഷനെ സമീപിച്ചപ്പോൾ ശുചിത്വമിഷൻ അംഗീകാരം നൽകിയില്ലെന്ന കാര്യം പുറത്തറിയുന്നത്. അഞ്ച് വർഷത്തിനിടയിൽ 12ൽ അധികം ഭരണ സമിതി യോഗം ചേർന്ന് ഇടയ്ക്കിടെ ഫണ്ട് അനുവദിച്ചുകൊണ്ടിരുന്നതായും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. പിന്നീട് ശുചിത്വമിഷൻ അംഗീകാരം നൽകിയെങ്കിലും സിൽക്കിന് കൃത്യമായി പണം നൽകാത്തതിനാൽ സിൽക്ക് പണി നിർത്തി വയ്ക്കുകയായിരുന്നു.
6433400 രൂപയ്ക്ക് തീരേണ്ട പദ്ധതിക്ക് പലപ്പോഴായ പഞ്ചായത്ത് ഫണ്ട് അനുവദിച്ചതിനെ തുടർന്ന് നിലവിൽ 85 ലക്ഷം രൂപയിലെത്തിയതായും യുഡിഎഫ് നേതക്കൾ ആരോപിച്ചു. പത്രസമ്മേളനത്തിൽ കൊട്ടില മുഹമ്മദ് കുഞ്ഞി, എം. ശ്രീധരൻ, അയൂബ് വട്ട്യേര, എം. ജനാർദനൻ എന്നിവരും പങ്കെടുത്തു.