ചാവശേരിയിൽ പുലിയെ കണ്ടതായി അഭ്യൂഹം
1513891
Friday, February 14, 2025 12:52 AM IST
മട്ടന്നൂർ: ചാവശേരിയിൽ പുലിയെ കണ്ടതായുള്ള അഭ്യൂഹത്തെ തുടർന്നു വനം വകുപ്പ് പരിശോധന നടത്തി. ഇന്നലെ രാവിലെ പതിനൊന്നോടെ ചാവശേരി - ആശാരി കോട്ടം റോഡിൽ കാളാന്റെ കുന്നിലാണ് പുലിയെ കണ്ടത്. പ്രദേശവാസിയായ മാതളം ശശി വീട്ടിൽനിന്ന് ചാവശേരി ടൗണിലേക്ക് റോഡിലെ നടന്നു പോകുന്നതിനിടെയാണ് റോഡരികിനോട് ചേർന്നുള്ള പറമ്പിലെ തെങ്ങിൻ ചുവട്ടിൽ പുലിയെ കണ്ടത്. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടതെന്നും പുലിയാണെന്ന് മനസിലായതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ശശി പറഞ്ഞു.
വിവരം അറിയിച്ചതിനെ തുടർന്നു വനം വകുപ്പ് അധികൃതരും നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ഇരിട്ടി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സോയ, കൗൺസിലർമാരായ സി. ബിന്ദു, കെ.പി. അജേഷ് തുടങ്ങിയവർ സ്ഥലത്ത് എത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കൗൺസിലർമാർ നാട്ടുകാർക്ക് നിർദേശം നൽകി.