വിമാനത്താവളത്തിന് സ്ഥലം നൽകി ദുരിതത്തിലായ കുടുംബത്തിന് ജപ്തി ഭീഷണിയും
1513890
Friday, February 14, 2025 12:52 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവള റൺവേ വികസനത്തിനു സ്ഥലം വിട്ടുനൽകി എട്ടുവർഷമായിട്ടും നഷ്ടപരിഹാരം കിട്ടാത്തവർക്ക് ജപ്തി ഭീഷണിയും. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കീഴല്ലൂർ നല്ലാണിയിലെ കെ. സനിലിന്റെ വീട്ടിൽ കേരള ബാങ്ക് അധികൃതർ നോട്ടീസ് പതിച്ചത്. ഭൂമി ഇടപാടുകൾ നടത്താൻ കഴിയാത്തതിനാൽ സ്ഥലം വിറ്റ് കടം വീട്ടാനും കുടുംബത്തിന് കഴിയുന്നില്ല.
2016ൽ ബിസിനസ് തുടങ്ങാൻ വായ്പയെടുത്ത 16 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെ 31,68,510 രൂപ കുടിശികയായി. അഞ്ചു ദിവസത്തെ സാവകാശമാണ് വായ്പ തിരിച്ചടയ്ക്കാൻ ബാങ്ക് നൽകിയിട്ടുള്ളത്. വീട് ഉൾപ്പടെ ഒരേക്കർ 23 സെന്റ് സ്ഥലം ബാങ്ക് കൈവശപ്പെടുത്തിയതായാണു നോട്ടീസിൽ പറയുന്നത്.
ഇതിൽനിന്ന് 10 സെന്റ് വിറ്റാൽ തീർക്കാവുന്ന കടം മാത്രമേ തങ്ങൾക്കുള്ളൂവെന്നു സനിൽ പറയുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് ഈ സ്ഥലം ഏറ്റെടുക്കാൻ 2017ൽ സർക്കാർ വിജ്ഞാപനം ഇറക്കിയതാണ്. നഷ്ടപരിഹാരം ഇനിയും കിട്ടാത്തതും ഭൂമി വിൽക്കാനാകാത്തതും കാരണം സനിലിന് കടം തിരിച്ചടയ്ക്കാൻ കഴിയുന്നില്ല.
ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരവും ഇനിയും വൈകിയാൽ കൂട്ട ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്ന് ബസ് കണ്ടക്ടറായ സനിൽ പറയുന്നു.വിമാനത്താവളത്തിന്റെ തൊട്ടരികിൽ അരയേക്കർ സ്ഥലം സനിലിന് വേറെയുണ്ട്. ഇതും വിമാനത്താവളത്തിന് ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കിടപ്പാടവും നഷ്ടമാകുമെന്ന ഭീതിയിലാണു സനിലും കുടുംബവും.