വാച്ച്മാന്റെ കൊലപാതകം: പ്രതി അറസ്റ്റില്‍
1513889
Friday, February 14, 2025 12:52 AM IST
കാസര്‍ഗോഡ്: മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വാച്ച്മാനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഉപ്പള പത്വാടിയിലെ മുഹമ്മദ് നൗഫല്‍ (സവാദ്-23) ആണ് അറസ്റ്റിലായത്. കൊല്ലം ഏഴുകോണ് സ്വദേശി ആര്. സുരേഷ് (49) ആണ് കൊല്ലപ്പെട്ടത്.
കൊലയ്ക്കുശേഷം ഒളിവില്‍ പോയ പ്രതിയെ രഹസ്യവിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊസോട്ടുള്ള ബന്ധുവിന്റെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട സുരേഷ് ഉപ്പള ഒരു ഫ്ലാറ്റിന്റെ വാച്ച്മാനായും കാര്പെന്ററായും ജോലി ചെയ്തുവരികയായിരുന്നു. സുരേഷും നൗഫലും വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. ചൊവ്വാഴ്ച രാത്രി 10 ഓടെ ഇരുവരും മദ്യപിച്ച ശേഷം വഴക്കുണ്ടാക്കിയപ്പോള്‍ സവാദ് ആസൂത്രിതമായി അരയില്‍ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. നൗഫല്‍ കവര്‍ച്ചാ, കഞ്ചാവ് കേസുകളിൽ പ്രതിയാണ്.
സുരേഷ് 15 വര്‍ഷം മുമ്പ് കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളൂരിലെത്തി വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് നിര്‍മാണജോലികളാണ് പ്രധാനമായും ചെയ്തിരുന്നത്. ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളുമുണ്ട്. രണ്ടുവര്‍ഷം മുമ്പ് ഇവരുമായി അകന്നാണ് ഉപ്പളയിലെത്തിയത്.