പാതിവില തട്ടിപ്പ്: കബളിപ്പിക്കപ്പെട്ടവർ കമ്മീഷണർ ഓഫീസ് മാർച്ച് നടത്തും
1513888
Friday, February 14, 2025 12:52 AM IST
കണ്ണൂർ: പാതി വിലയ്ക്ക് സ്കൂട്ടറും മറ്റു സാധനങ്ങളും നൽകുമെന്ന് വിശ്വസിപ്പിച്ചുള്ള സീഡ് സൊസൈറ്റി തട്ടിപ്പിന് ഇരയായവർ നീതി തേടി പ്രക്ഷോഭം ശക്തമാക്കുന്നു. സീഡ് വുമൺ ഓൺ ഫയർ എന്ന ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിതരായവർ നാളെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വിവിധ സാമൂഹ്യ പ്രവർത്തകരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മാർച്ചിൽ പങ്കെടുക്കും. തങ്ങളുടെ പരാതികൾ കേൾക്കാൻ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറോ കണ്ണൂർ കളക്ടറോ തയാറാകാത്ത സാഹചര്യത്തിലാണ് കമ്മീഷണർ ഓഫീസ് മാർച്ച് ഉൾപ്പടെയുള്ള പ്രതിഷേധം സംഘടിപ്പിക്കുന്നത്. തട്ടിപ്പുകാരിൽനിന്നും പണം തിരിച്ചു നൽകാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ സർക്കാർ ഇടപെടണമെന്നും തട്ടിപ്പിന് ഇരയായവർ ആവശ്യപ്പെട്ടു.
സീഡ് തട്ടിപ്പ് കേസിൽ തങ്ങൾ കൊടുത്ത പരാതിയിൽ കേസെടുക്കാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്ന് ഇരകളായവർ ആരോപിച്ചു. സീഡ് ജില്ലാ കോ-ഓർഡിനേറ്റർ മോഹനനും പ്രമോട്ടർമാർക്കെതിരെയും കൊടുത്ത പരാതിയിൽ കേസെടുക്കാതെ മോഹനൻ കൊടുത്ത പരാതിയിലാണ് പോലീസ് കേസെടുത്തതെന്നും ഇവർ പറഞ്ഞു.
സീഡ് നടത്തിയ പൊതുപരിപാടിയിൽ പങ്കെടുത്ത അഴീക്കോട് എംഎൽഎ കെ.വി. സുമേഷും പഞ്ചായത്ത് പ്രസിഡന്റും ഇക്കാര്യത്തിൽ ഇടപെടാതെ മാറി നിൽക്കുകയും ഇരകളെ പരിഹസിക്കുകയുമാണ്. നിയമസഹായം നൽകിയത് കോൺഗ്രസ് പാർട്ടി മാത്രമാണ്. തട്ടിപ്പിന് ഇരയായവരിൽ വിവിധ പാർട്ടി വിശ്വാസികളുണ്ട്. പ്രമോട്ടറായ രാജാമണി ഇക്കാര്യത്തിൽ മാധ്യമങ്ങളോട് പറഞ്ഞ കാര്യം തെറ്റാണ്.
പ്രമോട്ടർമാർക്ക് ഗൂഗിൾ പേ വഴിയാണ് തട്ടിപ്പിന് ഇരയായവരിൽ കൂടുതലും പണം നൽകിയത്. അഴീക്കോട്ടെ പ്രമോട്ടറിലൊരാളായ സക്കീന ഒരു മെംബറുടെ കൈയിൽ നിന്ന് കൈക്കൂലിയായി 2000 രൂപ വാങ്ങിയതായും ഇവർ ആരോപിച്ചു. പത്രസമ്മേളനത്തിൽ അഴീക്കോട് മണ്ഡലത്തിൽ തട്ടിപ്പിനിരയായ എ.പി നഫീല, ഇ. പ്രിസ, അനില തമ്പുരാൻ കണ്ടി, ടി. പ്രേമജ എന്നിവർ പങ്കെടുത്തു.
കാസർഗോഡ് ജില്ലയിലും കേസ്
ബദിയഡുക്ക: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പകുതി വിലയ്ക്ക് ലാപ്ടോപ്പ്, സ്കൂട്ടി, തയ്യല്‍ മെഷീന്, സ്കൂള്‍ കിറ്റ് ഉള്‍പ്പെടെ വാഗ്ദാനം നടത്തിയ നിക്ഷേപതട്ടിപ്പില്‍ ബദിയഡുക്ക പോലീസ് കേസെടുത്തു. ബദിയഡുക്ക മാര്ത്തടുക്കയിലെ മൈത്രി ലൈബ്രറി റീഡിംഗ് റൂം എന്ന സംഘടന വഴി അപേക്ഷിച്ചവര്‍ക്ക് 30 ലക്ഷത്തിലേറെ രൂപ അടച്ചതിന്റെ സാധനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ്.
ലാപ്ടോപ്പിന് വേണ്ടി അടച്ച 5,35,000 രൂപയും മറ്റു സാധനങ്ങള്‍ക്കായി അടച്ച 20.92 ലക്ഷം രൂപയുമടക്കം ഇവര്‍ക്ക് നഷ്ടമായിരുന്നു. മൈത്രിയുടെ പ്രസിഡന്റ് പ്രസാദ് ഭണ്ഡാരിയും സെക്രട്ടറി മുഹമ്മദ് ഷെരീഫും ഖ്യമന്ത്രി, സംസ്ഥാന, ജില്ലാ പോലീസ് മേധാവികള്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. 30.59 ലക്ഷം രൂപ ആകെ നഷ്ടമായി. അനന്തുകൃഷ്ണനെ മാത്രം പ്രതി ചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കാഞ്ഞങ്ങാട് മോനാച്ച കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ഇക്കണോമിക്സ് ഡെവലപ്മെന്റ് എന്ന സംഘടന വഴി പണം അടച്ച 106 പേര്‍ക്ക് സാധനങ്ങള്‍ ലഭിക്കാനുണ്ടെന്ന പരാതിയില്‍ കാഞ്ഞങ്ങാട്ടും പോലീസ് കേസെടുക്കുമെന്നാണ് സൂചന. 41 ലക്ഷം രൂപ അടച്ചതിന്റ് സാധനങ്ങള്‍ കിട്ടാനുണ്ടെന്ന പരാതി ഹൊസ്ദുര്‍ഗ് പോലീസിന് നല്‍കിയിട്ടുണ്ട്. 39 സ്കൂട്ടികള്ക്കും 67 ലാപ്ടോപ്പുകള്ക്കുമായാണ് പണം അടച്ചത്.
മോനാച്ച സോഷ്യല്‍ ഇക്കണോമിക് ഡെവലപ്മെന്റ് ഡയറക്ടര്‍ രാമകൃഷ്ണന് മോനാച്ച ജില്ലാ പോലീസ് മേധാവി, ഐജി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. അനന്തുകൃഷ്ണന്, കെ.എന്‍.ആനന്ദകുമാര്‍ ഉള്‍പ്പെടെ എതിര്‍കക്ഷിയാക്കിയാണ് പരാതി നല്‍കിയത്.