തലശേരി തുറമുഖ വികസനം: കൈയേറ്റ ഭൂമി ഒഴിപ്പിക്കൽ നടപടി വേഗത്തിലാക്കും
1513886
Friday, February 14, 2025 12:52 AM IST
തലശേരി: തലശേരി തുറമുഖവികസനത്തിനായി കൈയേറ്റ ഭൂമി ഒഴിപ്പിക്കലും ചാലിൽ ഗോപാലപ്പെട്ട മത്സ്യമാർക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ സ്പീക്കറുംസ്ഥലം എംഎൽഎയുമായ എ.എൻ. ഷംസീറിന്റെ അധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ നടന്ന ഫീഷറീസ്, ഹാർബർ എൻജിനിയറിംഗ് വകുപ്പുകൾ, മാരിടൈം ബോർഡ് എന്നിവയുടെ സംയുക്ത യോഗം തീരുമാനിച്ചു. കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സർവ നടപടികൾ 20ന് ആരംഭിക്കും.
ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കൈയേറ്റക്കാർക്ക് നോട്ടീസ് നൽകും. ആദ്യഘട്ടത്തിൽ കൈയേറിയ കെട്ടിടങ്ങൾ ഒഴിപ്പിക്കാനും നടപടി സ്വീകരിക്കും. മത്സ്യമാർക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട് സർവേ ചെയ്യാത്ത ഭൂമിക്ക് പെർമിസീവ് സാംഗ്ഷൻ നൽകുന്നതിന് ഫീഷറീസ് വകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അനുമതി നൽകും. ഡ്രഡ്ജിംഗ് നടത്തി തലായി തുറമുഖം ശരിയായ നിലയിൽ പ്രവർത്തിപ്പിക്കുന്നതിനും ഫിംഗർ പോർട്ടിൽ ബോട്ടുകൾ അടുപ്പിക്കുന്നതിനും അവിടെ ഹോൾസെയിൽ മാർക്കറ്റ് പ്രവർത്തിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് സ്പീക്കർ നിർദേശിച്ചു.