വജ്രജൂബിലി നിറവിൽ പായത്തെ ഗ്രന്ഥാലയം
1513885
Friday, February 14, 2025 12:52 AM IST
ഇരിട്ടി: എഴുത്തും വായനയും അന്യംനിന്നു പോകുമ്പോൾ പായത്തെ ഗ്രാമീണ വായനശാല വ്യത്യസ്തമാകുന്നത് വായനയുടെ പുതിയൊരു ലോകം സൃഷ്ടിച്ചാണ്. വായന ഇഷ്ടപ്പെടുന്ന വയോജനങ്ങളെ തേടി വീടുകളിൽ അവർക്കാവശ്യമുള്ള പുസ്തകങ്ങൾ എത്തിച്ചു നൽകുന്നു.
വായനാശാല ആരംഭിച്ചിട്ട് 75 വർഷം പൂർത്തിയാകുന്നതിന്റെ ആവേശത്തിലാണ് പായംഗ്രാമം. ഒരുവർഷം നീളുന്ന വിപുലമായ ആഘോഷ പരിപാടികളാണ് പായത്ത് ഒരുങ്ങുന്നത്. സംസ്ഥാനത്ത് വായനശാലകൾക്ക് എ പ്ലസ് പദവി ആരംഭിച്ചതുമുതൽ കഴിഞ്ഞ എട്ടുവർഷമായി പായം ഗ്രാമീണ ഗ്രന്ഥാലയം എ പ്ലസ് പദവി നിലനിർത്തി പോരുകയാണ്. പായം പഞ്ചായത്ത് പായം ഗ്രാമീണ വായനശാലയെ ഹരിത വായനശാലയായി പ്രഖ്യാപിച്ചു കഴിഞ്ഞു. നൂറോളം വരുന്ന അംഗങ്ങളാണ് വായനശാലയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
കേരള സർക്കാരിന്റെ ലൈബ്രറികൾക്ക് ലഭിക്കുന്ന പരമോന്നത അംഗീകാരമായ ഇ.എം.എസ് അവാർഡും പായം ഗ്രാമീണ വായനശാലക്ക് ലഭിച്ചിട്ടുണ്ട്. ലൈബ്രറി കൗൺസിലിന്റെ റഫറൻസ് ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പായത്തിന്റെ കലാ-സാംസ്കാരിക രംഗത്ത് ഗ്രന്ഥാലയത്തിന്റെ ഇടപെടൽ സജീവമാണ്. ഒരുവർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയിൽ 75 വിത്യസ്തമായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്.
16000 ഓളം പുസ്തകങ്ങളാണ് ഇവിടുത്തെ ശേഖരത്തിലുള്ളത്. കെ.അശോകൻ പ്രസിഡന്റും എം. പവിത്രൻ സെക്രട്ടറിയുമാണ്.