ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിന് സ്വന്തം വസ്ത്രം ഊരി നൽകി ആംബുലൻസ് ഡ്രൈവർ
1513875
Friday, February 14, 2025 12:52 AM IST
ഇരിട്ടി: അർധരാത്രിയിൽ അപകടത്തിൽപെട്ട് അഴുക്കുവെള്ളത്തിൽ വീണ ബൈക്ക് യാത്രികന് സ്വന്തം വസ്ത്രം അഴിച്ചുനൽകി ആംബുലൻസ് ഡ്രൈവർ. കീഴൂർകുന്നിൽ അപകടത്തിൽപെട്ട ബൈക്ക് യാത്രികനാണ് ആംബുലൻസ് ഡ്രൈവറായ കെ.അബ്ദുൾ മുനീറെന്ന നാൽപത്തിയെട്ടുകാരൻ സ്വന്തം വസ്ത്രം ഊരി നൽകിയത്.
അപകട സ്ഥലത്തെത്തിയ എസ്ഐ പ്രഭാകരനും സി പി ഒമാരായ എൻ.എ. രതീഷ് ,എൻ.കെ. ജോസഫ് എന്നിവരാണ് ആംബുലൻസിൽ വിവരം അറിയിക്കുന്നത്. മുനീർ പരിക്കേറ്റ യുവാവിനെ മുനീർ ആശുപത്രിയിലെത്തിക്കുന്പോൾ അഴുക്കുവെള്ളത്തിൽ വസ്ത്രങ്ങൾ നനഞ്ഞത് കാരണം യുവാവ് തണുപ്പ് കൊണ്ടു വിറയ്ക്കുകയായിരുന്നു. ചികിത്സയ്ക്കായി പരിക്കേറ്റയാളുടെ വസ്ത്രം മാറ്റണമെന്ന് ആശുപത്രിയിലുള്ളവർ ആവശ്യപ്പെട്ടു. അർധരാത്രിയിൽ മറ്റു വസ്ത്രം ലഭിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ മുനീർ സ്വന്തം വസ്ത്രം ഊരി നൽകി. സ്വന്തം വസ്ത്രം ഊരി നൽകി തോർത്തുമാത്രമുടത്ത് ആശുപത്രിയുടെ ആളൊഴിഞ്ഞ കോണിൽ ഇരുന്ന അബ്ദുൾ മുനീറിന് എസ്ഐ പ്രഭാകരൻ പിന്നീട് മുണ്ട് എത്തിച്ചു നൽകുകയായിരുന്നു.
സംഭവമറിഞ്ഞ് ഇരിട്ടി താലൂക്ക് ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗം നഗരസഭ അധ്യക്ഷ കെ. ശ്രീലത ആശുപത്രിയിൽ എത്തി സംഭവത്തെകുറിച്ച് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ അന്വേഷിച്ചു.
സംഭവത്തിൽ രോഗിയുടെ വിറയൽ മാറ്റാൻ നനഞ്ഞ വസ്ത്രം മാറ്റാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഡ്രൈവർ ഷർട്ട് അഴിച്ചു കൊടുക്കുന്നത് കണ്ടെന്നും എന്നാൽ മുണ്ടും ഡ്രൈവർ തന്നെ അഴിച്ചു നൽകിയതായി ശ്രദ്ധയിൽപെട്ടിരുന്നില്ല എന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം . ഇതിന്റെ പേരിൽ ചികിത്സ വൈകിയിട്ടില്ല എന്നും അധികൃതർ അറിയിച്ചു.