വൈക്കോൽ കിട്ടാനില്ല; കന്നുകാലി വളർത്തലിന് ചെലവേറുന്നു
1513871
Friday, February 14, 2025 12:52 AM IST
കേളകം: വേനൽ ആരംഭിക്കാനിരിക്കെ തന്നെ മലയോര മേഖലയിലെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. കന്നുകാലികൾക്കുള്ള വൈക്കോൽ ക്ഷാമത്തിനൊപ്പം കാലിത്തീറ്റകൾക്കുള്ള വില കുത്തനെ ഉയർന്നതുമാണ് കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. കാലിത്തീറ്റയുൾപ്പടെയുള്ളവയക്ക് ഒരുദിവസം ശരാശരി 320 രൂപയോളം ചെലവാകുന്പോൾ പത്തു ലിറ്റർ പാൽ നൽകുന്ന ക്ഷീരകർഷകന് ലഭിക്കുന്നത് 450 രൂപയാണ്.
ചെലവ് കഴിഞ്ഞാൽ മിച്ചമായി കിട്ടുന്നത് 130 രൂപ! ഈ തുച്ഛമായ തുകയുമായി എങ്ങിനെ കുടുംബം നയിക്കുമെന്നറിയാതെ കഴിയുകയാണ് കർഷകർ. തീറ്റപ്പുല്ലിന് പുറമേ ജലക്ഷാമവും പ്രതിസന്ധി വർധിപ്പിക്കുന്നുണ്ട് ചൂട് കൂടിത്തുടങ്ങിയതോടെ പാൽ ഉത്പാദനം കുറഞ്ഞിട്ടുമുണ്ട് .പച്ചപ്പുല്ലിന് ക്ഷാമമേറിയതോടെ അന്യ സംസ്ഥാനത്ത് നിന്ന് എത്തിക്കുന്ന വൈക്കോലും ചോള പുല്ലുമാണ് തീറ്റയായി നൽകുന്നത്.ചോള പുല്ലിന് വാഹന കൂലി അടക്കം കിലോയ്ക്ക് ഏഴര രൂപ ചെലവ് വരും.30 കിലോയോളം തൂക്കമുള്ള ഒരുകെട്ട് വൈക്കോലിന് 400 രൂപയാണ് വില. തിരിക്കച്ചിക്ക് ഒരു കെട്ടിന് 32-35 രൂപയും. ഉയർന്ന വിലയ്ക്കുപോലും വൈക്കോൽ കിട്ടാനില്ലെന്ന് കർഷകർ പറയുന്നു. കാലിത്തീറ്റവില അനുദിനം വർധിക്കുന്നതായും കർഷർ പറഞ്ഞു. 50 കിലോ കാലിത്തീറ്റയ്ക്ക് 1530 മുതൽ 1600 രൂപവരെയാണ് വില.
ക്ഷീരസംഘങ്ങൾ പാലിന് 45 രൂപ വരെ കർഷകർക്ക് നൽകുന്നുണ്ടെങ്കിലും കൊഴുപ്പനുസരിച്ച് തുകയിൽ ഏറ്റക്കുറച്ചിലുണ്ട്. 43 രൂപയ്ക്കടുത്താണ് ഭൂരിഭാഗം കർഷകർക്കും ലഭിക്കുന്നത്.
വേനൽ കനക്കുന്നതോടെ പാലുൽപാദനം കുറഞ്ഞ് വരുമാനം കുറയുന്ന ക്ഷീര കർഷകർ കാലിത്തീറ്റ, വൈക്കോൽ തുടങ്ങിയവയും കുറയ്ക്കാൻ നിർബന്ധിതരാവുന്നു. ഇതാേടെ പാലുൽപ്പാദനത്തിൽ വീണ്ടും കുറവുണ്ടാകുന്നു.
സഹായം നൽകണം
സംസ്ഥാനത്ത് പാൽ ഉത്പദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ വിവിധങ്ങളായ സഹായം നൽകണമെന്ന് ക്ഷീകർഷകരുടെ ആവശ്യപ്പെടുന്നു. വേനൽ കണക്കിലെടുത്ത് ക്ഷീരമേഖലയിൽ കൂടുതൽ സഹായങ്ങൾ നൽകണം. സർക്കാർ സംരംഭമായ കേരള ഫീഡ്സ്, മിൽമ എന്നിവയുടെ കാലിത്തീറ്റകൾക്ക് വില കൂട്ടുന്നതനുസരിച്ച് സ്വകാര്യ കമ്പനികളും വില വർദ്ധിപ്പിക്കുന്ന സാഹചര്യമാണുള്ളതെന്നും കർഷകർ പറയുന്നു.