ചെറുപുഴയിൽ ആരോഗ്യം ആനന്ദം പരിപാടിക്ക് തുടക്കം
1513870
Friday, February 14, 2025 12:52 AM IST
ചെറുപുഴ: കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം ജനകീയ അർബുദ പ്രതിരോധ ക്യാമ്പയിന് ചെറുപുഴ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രവുമായി സഹകരിച്ചാണ് സ്ത്രീകളിലെ കാൻസർ നേരത്തെ കണ്ടെത്തുന്നതിനായി മെഗാ പരിശോധന ക്യാന്പുകൾ നടത്തുന്നത്. പ്രാപ്പൊയിൽ ജനകീയാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പഞ്ചായത്തിലെ ആദ്യ ക്യാമ്പിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം ബാലകൃഷ്ണൻ, വാർഡ് മെംബർമാരായ കെ.എം ഷാജി, കെ.പി സുനിത, ഹെൽത്ത് ഇൻസ്പെക്ടർ വി മുഹമ്മദ് ശരീഫ്, എംഎൽഎസ്പിടിഎം കവിത, പി.പി. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.
നൂറിലധികം സ്ത്രീകൾ ക്യാമ്പിൽ പങ്കെടുത്തു.പഞ്ചായത്തിലെ പത്ത് കേന്ദ്രങ്ങളിലാണ് മെഗാ ക്യാമ്പുകൾ നടത്തുന്നത്. മാർച്ച് എട്ടിന് പഞ്ചായത്തിലെ വാർഡ് തല ക്യാമ്പുകൾ സമാപിക്കും. മാർച്ച് എട്ട് വരെ വ്യാഴാഴ്ചകളിൽ പ്രാപ്പൊയിൽ ജനകീയാരോഗ്യ കേന്ദ്രത്തിലും വെള്ളിയാഴ്ചകളിൽ പുളിങ്ങോം എഫ്എച്ച്സിയിലും പാപ്സ്മിയർ പരിശോധന ഉണ്ടാകും.