പാതിവില തട്ടിപ്പ്: പയ്യൂവൂർ, ഇരിക്കൂർ, കുടിയാന്മല സ്റ്റേഷനുകളിലും കേസ്
1513869
Friday, February 14, 2025 12:52 AM IST
പയ്യാവൂർ: പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയിൽ പയ്യാവൂരിലും ഇരിക്കൂറിലും കുടിയാന്മലയിലും പോലീസ് കേസ്. ചന്ദനക്കാംപാറ ചപ്പക്കടവ്സ്വദേശിനിയായ കെ.വി.ഗനിതയുടെ പരാതിയിൽ സ്പിയാർഡ് ചീഫ് കോ-ഓർഡിനേറ്റർ ഇടുക്കി തൊടുപുഴ സ്വദേശി അനന്തു കൃഷ്ണൻ, ഇരിക്കൂർ സീഡ് സൊസൈറ്റി ജില്ലാ കോ-ഓർഡിനേറ്റർ മയ്യിൽ കണ്ടക്കൈയിലെ രാജാമണി, ഇരിക്കൂർ സീഡ് സൊസൈറ്റിയിലെ കോ-ഓർഡിനേറ്റർ കെ.കെ.സുമ, പ്രമോട്ടർമാരായ പത്മിനിരാജൻ, സിന്ധുരവി, മിനി ബിനു, ബിനുമാത്യു തുടങ്ങി ഏഴു പേർക്കെതിരെയാണ് കേസ്.
പരാതിക്കാരിയിൽ നിന്ന് കഴിഞ്ഞ വർഷം ജൂലായ് എട്ടിന് പ്രതികൾ പ്രഫഷണൽ സർവീസ് ഇന്നോവേഷൻസ് എന്ന സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടു വഴി 60,000 രൂപ അടപ്പിച്ച് രേഖകൾ കൈമാറിയ ശേഷം പരാതിക്കാരിയെയും പയ്യാവൂർ പഞ്ചായത്തിലെ ധാരാളം പേരേയും കബളിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.കുടിയാന്മലയിൽ രണ്ടു പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഏരുവേശിയിലെ എൻ.ജെ.സിലിന്റെ പരാതിയിൽ അനന്തു കൃഷ്ണൻ, സിൽന സുഭാഷ് എന്നിവർക്കെതിരെയാണ് കേസ്. ഇരിക്കൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തെ വി. ജാസ്മിന്റെ പരാതിയിലാൽ സീഡ് കോ-ഓർഡിനേറ്റർ പെരുമണ്ണ് സ്വദേശിനി രമ, മയ്യിൽ കണ്ടക്കൈയിലെ രാജാമണി , തൊടുപുഴയിലെ അനന്തു കൃഷ്ണൻ, കല്യാട് കൊശവൻ വയൽ തിരൂർ സ്വദേശിനി മുറിയംക്കോട്ട് ഹൗസിൽ സിനി സന്തോഷിന്റെ പരാതിയിൽ കല്യാട് സ്വദേശിനി പ്രമീള, പടിയൂരിലെ ബാലൻ, തൊടുപുഴയിലെ അനന്തുകൃഷ്ണൻ എന്നിവർക്കെതിരെയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്.