ആത്മീയ ക്ലാസുകളിലൂടെ സാന്പത്തിക നേട്ടം; ഇരകൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി
1513602
Thursday, February 13, 2025 1:16 AM IST
കണ്ണൂർ: ആത്മീയ ക്ലാസുകളില്‍ പങ്കെടുത്താല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് പറഞ്ഞ് കോടികൾ തട്ടിയ സംഭവത്തിൽ പ്രതികൾക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനരയായവർ സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി മലയാളികളടക്കം നിരവധിപേർ ആത്മീയ തട്ടിപ്പിനിരയായെന്നും ആത്മീയ ക്ലാസെന്ന പേരിൽ നിരവധിപേരിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്നുമാണ് പരാതി. ഇതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
കണ്ണൂർ മമ്പറം സ്വദേശി പ്രശാന്ത് മാറോളിയുടെ പരാതിയിൽ ആറുപേർക്കെതിരെ കേസെടുത്തിരുന്നു. ഡോ. അഷറഫ്, ഡോ. അഭിനന്ദ് കാഞ്ഞങ്ങാട്, കെ.എസ്. പണിക്കർ, അനിരുദ്ധൻ, വിനോദ്കുമാർ, സനല്‍ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അഷറഫിനെ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ റിസോർട്ടിൽ ക്ലാസ് നടത്തവെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.
പോലീസ് നോട്ടീസ് നൽകിയ പ്രകാരം ഇന്നലെ ടൗൺ സ്റ്റേഷനിൽ ഹാജരായ പ്രതികൾ പോലീസ് ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുണ്ട്. പ്രപഞ്ചോർജ്ജത്തെ ഉപയോഗിച്ച് ആത്മീയകാര്യങ്ങളില്‍കൂടി നേട്ടം കൈവരിക്കുമെന്ന് പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്.