പി.കെ.രാഗേഷിന്റെ വീട്ടിലെ വിജിലൻസ് റെയ്ഡ്: പിടിച്ചെടുത്തത് 100 രേഖകൾ; കാൽക്കോടിയുടെ നിക്ഷേപം
1513600
Thursday, February 13, 2025 1:16 AM IST
തലശേരി: കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും മുൻ ഡെപ്യൂട്ടി മേയറുമായ പി.കെ. രാഗേഷിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ നൂറിലേറെ രേഖകൾ പിടിച്ചെടുത്തു. കാൽ കോടിക്കടുത്ത് സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകളും നാല് സ്ഥലങ്ങളുടെ രേഖകളും ഇതിൽ ഉൾപ്പെടും.
ഫിക്സഡ് ഡെപ്പോസിറ്റ് നിലവിലുള്ളപ്പോൾ തന്നെ ബാങ്കിൽനിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത നൂറിലേറെ രേഖകൾ വിജിലൻസ് വിശദമായി പരിശോധിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് പരിശോധന തുടങ്ങിയത്.
കോഴിക്കോട് വിജിലൻസ് സെൽ എസ്പി കെ.പി.അബ്ദുൾ റസാഖിന്റെ നേതൃത്വത്തിൽ അതീവ രഹസ്യമായാണ് വിജിലൻസ് സംഘം രാഗേഷിന്റെ വീട് ഉൾപ്പെടെയുള്ള നാല് കേന്ദ്രങ്ങളിലും പരിശോധനയ്ക്കെത്തിയത്. പരിശോധനയ്ക്കിടയിൽ പലതവണ രാഗേഷും വിജിലൻസ് സംഘവുമായി വാക്ക് തർക്കമുണ്ടായി.
കൊണ്ടുപോയത് ക്ലോസറ്റ് വാങ്ങിയതിന്റെ
ബില്ലും നികുതിരേഖകളുമെന്ന് രാഗേഷ്
കണ്ണൂർ: ക്ലോസറ്റും ടൈലും ചട്ടിയും വാങ്ങിയതിന്റെ ബില്ലുകളും നികുതി രസീതുകളുടെ പകർപ്പുകളുമാണ് വീട്ടിൽനിന്ന് വിജിലൻസ് സംഘം കൊണ്ടുപോയതെന്ന് കോർപറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷ്. ഭൂമി തരം മാറ്റുന്നതിനായി ജനങ്ങൾ സമർപ്പിച്ച രേഖകളുടെ പകർപ്പുകളും കൊണ്ടു പോയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിക്കുന്ന ആസ്തി ബാധ്യതകളല്ലാതെ ഒരു രൂപ പോലം അധിക സന്പാദ്യമില്ല. ഇതിനപ്പുറം പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടുമില്ല.
തന്റെ അക്കൗണ്ട് മരവിപ്പിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഭാര്യയുടെ താലിമാല ഊരിവാങ്ങാൻ ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും സമ്മതിച്ചില്ല. ഹിന്ദു വിശ്വാസപ്രകാരം അമൂല്യമായ സ്ഥാനമാണ് താലിമാലക്കുള്ളത്. ഇത്തരത്തിൽ താലിമാല തൊടാൻ വരെ ഉദ്യോഗസ്ഥന് അധികാരം നൽകിയ സാഹചര്യത്തിൽ ഇവരെ അയച്ചവരുടെ ദുരുദ്ദേശമെന്താണെന്ന് ആർക്കും മനസിലാകും. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കമാണ് നടത്തുന്നത്.
അടുത്ത തെരഞ്ഞെടുപ്പിനു മുന്പ് തന്നെ വരുതിയിലാക്കാനും പൊതുസമൂഹത്തിൽ തന്നെ മോശക്കാരനായി ചിത്രീകരിക്കാനുമുള്ള ചില കേന്ദ്രങ്ങളുടെ ഗൂഢനീക്കമാണ് ഇപ്പോഴത്തെ സംഭവങ്ങൾ. കണ്ണൂരിലെ സിപിഎമ്മും കോൺഗ്രസിലെ ഗൂഢാലോചന സംഘവുമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യനീക്കം അടക്കമുള്ള അഴിമതിയുമായി ബന്ധപ്പെട്ട് താൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്ത് തെളിവുകൾ നശിപ്പിക്കാനാണ് വിജിലൻസ് സംഘത്തിനെ അയച്ചതെന്നും രാഗേഷ് ആരോപിച്ചു.