ഓളപ്പരപ്പിൽ സ്വർണത്തുഴയെറിഞ്ഞ അശ്വതിക്ക് കരകയറാൻ വേണം ജോലി
1513597
Thursday, February 13, 2025 1:16 AM IST
ഇരിട്ടി: ഉത്തരാഖണ്ഡ് തെഹ്രിയിൽ ദേശീയ ഗെയിംസ് റോവിംഗിൽ സ്വർണത്തിലേക്ക് തുഴയെറിഞ്ഞ കേരളാ ടീമിലെ ഇരിട്ടി വള്ളിത്തോട് സ്വദേശി പി.ബി. അശ്വതിക്ക് ജീവിതത്തിൽ കരകയറാൻ വേണ്ടത് ജോലി. വനിതകളുടെ കൊക്സ് ലെസ് ഫോർ ഇനത്തിലാണ് പി.ബി.അശ്വതി, വി.എസ്. മീനാക്ഷി, കെ.ബി. വർഷ, റോസ് മരിയ എന്നിവർ ഉൾപ്പെട്ട ടീം സ്വർണം നേടിയത്.
സ്വർണമെന്ന വലിയ സ്വപ്നത്തിനൊപ്പം കുടുംബത്തെ കരയ്ക്കെത്തിക്കണമെന്ന ആഗ്രഹവും മനസിലേറ്റി ഉത്തരാഖണ്ഡിലെത്തിയ അശ്വതിക്ക് ഓളപ്പരപ്പിലെ തണുപ്പും മഴയുമൊന്നും തടസമായിരുന്നില്ല.
ചെറുപ്പം മുതൽ നീന്തിപ്പഠിച്ച ബാരാപോൾ പുഴയുടെ കുത്തൊഴുക്കും ഓളപ്പരപ്പും നൽകിയ ആത്മവിശ്വാസമാണ് അശ്വതിയെ തുഴച്ചിലിലേക്ക് എത്തിച്ചത്. ആലപ്പുഴ സായ് സെന്ററിലാണ് അശ്വതി പരിശീലനം നടത്തുന്നത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും റോവിംഗിൽ പങ്കെടുത്തിരുന്നു.
വള്ളിത്തോട്ടിലെ അഞ്ച് സെന്റ് ഭൂമിയിലെ ചെറിയ വീട്ടിലെ പ്രാരാബ്ധങ്ങൾക്ക് നടുവിൽ നിന്നാണ് അശ്വതിയുടെ സ്വർണനേട്ടമെന്നത് വിജയത്തിന്റെ തിളക്കമേറ്റുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ബാബുവിന്റെയും മാവേലി സ്റ്റോറിലെ താത്കാലിക ജീവനക്കാരി ഷീബയുടെയും മകളാണ് അശ്വതി. മൂന്നു മാസം മുന്പ് വള്ളിത്തോട് ഓട്ടോ സ്റ്റാൻഡിലേക്ക് നിയന്ത്രണംവിട്ട വാഹനം ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ ബാബു ഇപ്പോഴും ചികിത്സയിലാണ്.
കടുത്ത സാമ്പത്തിക പ്രയാസത്തിനിടയിലും തന്റെ ഇഷ്ടത്തിനും പഠനത്തിനും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മാതാപിതാക്കൾക്ക് താങ്ങായി മാറണമെന്നാണ് അശ്വതിയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായി വേണ്ടത് ഒരു ജോലിയാണ്.
ഇക്കാര്യത്തിൽ അധികൃതരുടെ കരുണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അശ്വതിയും കുടുംബവും.