മദ്യപാനത്തിനിടെ വാക്കുതര്‍ക്കം: വാച്ച്മാന് കുത്തേറ്റ് മരിച്ചു
1513596
Thursday, February 13, 2025 1:15 AM IST
കാസര്‍ഗോഡ്: മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വാച്ച്മാനെ കുത്തിക്കൊന്നു. പയ്യന്നൂര്‍ വെള്ളൂര്‍ കാറമേല്‍ ഈസ്റ്റ് സ്വദേശി ആര്. സുരേഷ്കുമാര്‍(49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉപ്പള പത്വാടി കാര്‍ഗില്‍ നഗര്‍ സ്വദേശി സവാദിനെതിരെ (23) മഞ്ചേശ്വരം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ചൊവ്വാഴ്ച രാത്രി ഉപ്പള ടൗണിലാണ് സംഭവം.
ഉപ്പളയിലെ ഒരു ഫ്ളാറ്റിലെ വാച്ച്മാനാണ് സുരേഷ്കുമാര്‍. രാത്രി 9.30ഓടെ സവാദ് കഞ്ചാവ് ലഹരിയില്‍ സുരേഷ് കുമാറിനെ അന്വേഷിച്ചുവന്നു. പിന്നീട് ഇവര്‍ ഒന്നിച്ചിരുന്ന് ഫ്ളാറ്റിനു സമീപം മദ്യപിച്ചു. വാക്ക് തര്‍ക്കത്തിനിടെ പിടിവലി നടന്നതായി നാട്ടുകാര്‍ പറയുന്നു. അരയില്‍ സൂക്ഷിച്ച കത്തിയെടുത്ത് സവാദ് സുരേഷ് കുമാറിന്റെ വയറ്റിലേക്ക് മൂന്നു പ്രാവശ്യം
കുത്തുകയായിരുന്നു.
സുരേഷ്കുമാറിനെ നാട്ടുകാര്‍ ആദ്യം ഉപ്പളയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. സവാദിനെതിരെ ആംബുലന്‍സ് കവര്‍ന്നതിന് ഉൾപ്പെടെ മഞ്ചേശ്വരം പോലീസിൽ കേസുകളുണ്ട്. വി.വി.ഉഷയാണ് സുരേഷ്കുമാറിന്റെ ഭാര്യ. മക്കള്‍: ശിവാനി, ദേവസ്.