ന്യൂഡൽഹിയിൽ ബയോ മൗണ്ടൻ മൊത്ത വിതരണകേന്ദ്രം തുറന്നു
1513595
Thursday, February 13, 2025 1:15 AM IST
കണ്ണൂർ: ഉത്തര കേരളത്തിലെ മലയോര കർഷകരുടെ കൂട്ടായ്മയായ ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ മൊത്ത വിതരണ കേന്ദ്രം ന്യൂഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു. രോഹിണി സെക്ടർ രണ്ടിൽ പോക്കറ്റ് നാലിലെ ഡിഡിഎ മാർക്കറ്റ് ഷോപ്പ് നന്പർ 30ൽ ആരംഭിച്ച കേന്ദ്രം കന്പനി മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ബോർഡ് അംഗം ഫാ. തോമസ് തയ്യിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൺസോർഷ്യം ചെയർമാൻ കലവൂർ ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. രാധാകൃഷ്ണൻ, രാജൻ, ലിജോ, അബ്ദുൾ ബാരി, ജോയി എന്നിവർ പ്രസംഗിച്ചു
ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് മായമില്ലാത്ത ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ന്യൂഡൽഹിയിൽ വിതരണ കേന്ദ്രം ആരംഭിച്ചത്. കറിപൗഡറുൾ, മസാലകൾ, സുഗന്ധവ്യഞ്ജനങ്ങൾ, വെളിച്ചെണ്ണ, മുളക്പൊടി , കാഷ്മീരി മുളക് പൊടി, സാമ്പാർ പൊടി, ഗരം മസാല , മഞ്ഞൾ പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, ചുക്ക് പൊടി, കാളച്ചക്കിലാട്ടിയ വെളിച്ചെണ്ണ, നല്ലെണ്ണ, പരന്പരാഗത കേരളീയ പലഹാരങ്ങളായ ബനാന ചിപ്സ്, ഹൽവ, അവുലോസ് ഉണ്ട, കിണ്ണത്തപ്പം, കുഴലപ്പം , മിക്സ്ചർ , ചക്ക ഉത്പന്നങ്ങൾ, മുളപ്പിച്ച കശുവണ്ടി, മുളപ്പിച്ച തേങ്ങ, ചമ്മന്തിപ്പൊടി, കയർ ഉത്പന്നങ്ങൾ എന്നിവ വിതരണ കേന്ദ്രത്തിലൂടെ ലഭ്യമാക്കും.
ഡൽഹി, പഞ്ചാബ്, യുപി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ കൊറിയർ മുഖേന വീടുകളിലെത്തിച്ചു നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ബയോമൗണ്ടൻ അധികൃതർ അറിയിച്ചു.