ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണം: പ്രതിപക്ഷം
1513592
Thursday, February 13, 2025 1:15 AM IST
കണ്ണൂർ: ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം ജില്ലാ പഞ്ചായത്ത് യോഗത്തിൽ പ്രസിഡന്റ് തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു.
സ്കൂളുകളിൽ നടപ്പിലാക്കിയ വാട്ടർ പ്യൂരിഫയർ പദ്ധതി, പ്രീ ഫാബ്രിക്കേറ്റഡ് ടോയ്ലറ്റ് സിസ്റ്റം, കുട്ടികളുടെ പുസ്തക പ്രകാശനം, വേൾഡ് റിക്കാർഡ് നേടാൻ ജില്ലാ പഞ്ചായത്ത് ചിലവിട്ട തുക, സ്കൂൾ കായിക മേളയിൽ ജഴ്സി വാങ്ങൽ തുടങ്ങിയ പദ്ധതികളിലെല്ലാം ഓഡിറ്റിംഗിൽ ക്രമക്കേട് കണ്ടെത്തിയതായി പ്രതിപക്ഷ നേതാവ് തോമസ് വെക്കത്താനം യോഗത്തിൽ ആരോപിച്ചിരുന്നു.
73 സ്കൂളുകളിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ നിരവധി സ്കൂളുകളിൽ പ്രവർത്തനക്ഷമമല്ല. കുറ്റ്യേരി സ്കൂളിലെ പ്യൂരി ഫെയറിലെ വെള്ള പരിശോധനയിൽ ഇ-കോളി സാന്നിധ്യം കണ്ടെത്തിയതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സൂപ്പർ ക്ലോറിനേഷൻ നടത്തിയാണ് വെള്ളം ഉപയോഗിക്കുന്നത്. 2.77 കോടി രൂപ മുടക്കിയ പദ്ധതി ഒരു വർഷം പ്യൂരിഫെയറുകൾക്ക് വാറണ്ടിയുണ്ടെങ്കിലും മിക്കയിടത്തും തകരാറിലായിരിക്കുകയാണ്.
ഇതുപോലെയാണ് മിക്ക പദ്ധതികളുടെയും അവസ്ഥ. ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ ക്രമക്കേടുകളെക്കുറിച്ച് വിജിലൻ അന്വേഷണം നടത്തണമെന്നായിരുന്നു യോഗത്തിൽ പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം ജില്ലാ പ്രസിഡന്റ് നിരാകരിച്ചതിനെ തുടർന്നാണ് യോഗം ബഹിഷ്കരിച്ചത്. പ്രതിപക്ഷ അംഗങ്ങളായ എൻ.പി. ശ്രീധരൻ, ടി.സി. പ്രീയ, കെ. താഹിറ, ആബിദ, ജൂബിലി ചാക്കോ, ലിസി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ബഹിഷ്കരിച്ചത്.