ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ്; 1379 പരാതികൾ പരിഗണിച്ചു
1513587
Thursday, February 13, 2025 1:15 AM IST
കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെയും ഡിവിഷനുകളുടെയും വിഭജനവും അതിർത്തി നിർണയവും സംബന്ധിച്ച പരാതികൾ പരിഹരിക്കാനായി ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തിൽ ജില്ലയിൽ ഹിയറിംഗ് നടത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ഹിയറിംഗിൽ ജില്ലയിലെ 76 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്നുള്ള 1379 പരാതികളാണ് പരിഗണിച്ചത്.
എല്ലാ ജില്ലകളിലെയും ഹിയറിംഗ് പൂർത്തിയാക്കിയ ശേഷം കമ്മീഷന്റെ ഫുൾ സിറ്റിംഗ് ചേരുമെന്ന് ചെയർമാൻ ഹിയറിംഗിന് ശേഷം പറഞ്ഞു. ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി കമ്മീഷൻ വിവരങ്ങൾ ശേഖരിക്കും. പരാതിക്കാരെ നേരിട്ട് കേട്ടതിന്റെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാകും അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുക.
ശാസ്ത്രീയമായാണ് ഇത്തവണത്തെ വാർഡ് പുനർനിർണയ പ്രക്രിയ നടത്തിയതെന്ന് കമ്മീഷൻ പറഞ്ഞു. വരുന്ന പരാതികളെല്ലാം കൃത്യമായി രേഖപ്പെടുത്തി എല്ലാ പരാതിക്കാർക്കും നോട്ടീസ് അയച്ചു. വീടുകളുടെ എണ്ണം കരട് വിജ്ഞാപനത്തിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അന്തിമ വിജ്ഞാപനത്തിന് മുമ്പായി പരിശോധിച്ച് തിരുത്തും. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറ് കോർപറേഷനുകൾ എന്നിവയിലെ കരട് വിഭജന നിർദേശങ്ങൾ നവംബർ 18ന് ആണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതികൾ സ്വീകരിച്ചത്.
തദ്ദേശ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ അന്വേഷിച്ച് തയാറാക്കിയ റിപ്പോർട്ട് ജില്ലാ കളക്ടർ കമ്മീഷനു സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്മേലുളള കൂടുതൽ തെളിവെടുപ്പാണ് നടന്നത്. തലശേരി നഗരസഭയിൽ നിന്ന് മാത്രം126 പരാതികളാണ് ലഭിച്ചത്. കണ്ണൂർ കോർപറേഷനിൽ നിന്ന് 85 പരാതികളും ലഭിച്ചു. നേരിട്ടെത്തിയ മുഴുവൻ പേരുടെയും പരാതികൾ കമ്മീഷൻ കേട്ടു. കമ്മീഷനംഗം എസ്. ഹരികിഷോർ, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, കമ്മീഷൻ സെക്രട്ടറി എസ്. ജോസ്ന മോൾ എന്നിവർ പരാതികൾ പരിഗണിച്ചു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ കെ.കെ. ബിനി, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വാർഡ് വിഭജന ഡീലിമിറ്റേഷൻ കമ്മീഷൻ
ഹിയറിംഗ് പ്രഹസനം: യുഡിഎഫ്
കണ്ണൂർ: തദ്ദേശഭരണ സ്ഥാപനങ്ങളിലെ കരട് വാർഡ് വിഭജന ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് പ്രഹസനമെന്ന് യുഡിഎഫ്. ജില്ലയിൽ ആകെ 1379 പരാതികളിന്മേലാണ് ഹിയറിംഗ് നടന്നത്. കേവലം ആറ് മണിക്കൂർ മാത്രമാണ് നിരവധി ഗ്രാമപഞ്ചായത്തുകൾ, കോർപ്പറേഷൻ, മുൻസിപ്പാലിറ്റികൾ എന്നിവക്ക് അനുവദിച്ചിരുന്നത്.
ജില്ലയുടെ നാനാഭാഗത്തു നിന്ന് വന്ന പരാതിക്കാർ മണിക്കൂറുകളോളം കളക്ടറേറ്റിൽ കാത്തു നിൽക്കേണ്ട ഗതികേട് വന്നുവെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത് മുൻകൂട്ടി മനസിലാക്കിയാണ് ഹിയറിംഗ് രണ്ട് ദിവസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജില്ലാ കളക്ടർക്കും ഡീലിമിറ്റേഷൻ കമ്മീഷനും പരാതി നൽകിയിരുന്നു.
അതിന് കൂട്ടാക്കിയില്ല.ഒരു ദിവസം കൊണ്ട് മുഴുവൻ പരാതികളും നീതിപൂർവം കേൾക്കാൻ കഴിയില്ല. മാത്രവുമല്ല നടന്നുവരുന്ന ഹിയറിംഗ് പരിപൂർണമായി പ്രഹസനമാകുകയാണ് ചെയ്യുന്നത് . പരാതിക്കാർ പറയുന്ന കാര്യങ്ങൾ കൃത്യമായി കേൾക്കാൻ പോലും തയാറാവുന്നില്ല. ഇത്രയും വലിയ എണ്ണം പരാതിക്കാരുടെ പരാതി കേൾക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന് പറയുന്ന സംവിധാനം ഒരുക്കി വച്ചിരിക്കുന്നത് വെറും മണിക്കൂറുകൾ മാത്രം. ഒരു പരാതിക്കാരന് ഏറ്റവും കൂടിയത് ഒരു മിനിറ്റിൽ താഴെയാണെന്നും ആരോപിച്ചു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, ടി.ഒ. മോഹനൻ, ഡിസിസി ഭാരവാഹികളായ മനോജ് കൂവേരി, ടി. ജയകൃഷ്ണൻ എന്നിവരും പങ്കെടുത്തു.