അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്
1513527
Wednesday, February 12, 2025 7:56 AM IST
ഇരിട്ടി: മൂന്നുവർഷത്തെ മാരത്തൺ ചർച്ചകൾക്കു ശേഷം വയനാട് -കരിന്തളം 400 കെ.വി ലൈനിന്റെ നഷടപരിഹാരത്തുക സംബന്ധിച്ച് കർഷകർക്കും ഭൂവുടമകൾക്കും പ്രതീക്ഷ. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന ജനപ്രതിനിധികളുടെയും ആക്ഷൻകമ്മിറ്റി പ്രതിനിധികളുടെയും യോഗത്തിലാണ് പ്രതീക്ഷ നൽകുന്ന നിർദേശങ്ങൾ രൂപപ്പെട്ടത്.
കർണാടകയിലും കാസര്‍ഗോഡും നടപ്പാക്കിയ നഷ്ടപരിഹാര പാക്കേജ് സർക്കാർ മുന്നോട്ടുവച്ചെങ്കിലും അത് അപര്യാപ്തമാണെന്ന് എംഎൽഎമാരും ജനപ്രതിനിധികളും ആക്ഷൻ കമ്മിറ്റിയംഗങ്ങളും പറഞ്ഞു. ഓരോ പ്രദേശത്തെയും സ്ഥലത്തിന്റെ മൂല്യം കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കണമെന്ന ആവശ്യം ഇവർ ഉയർത്തിക്കാട്ടി. ഒടുവിൽ ഈ നിർദേശം മന്ത്രിയും കെഎസ്ഇബിയും തത്വത്തിൽ അംഗീകരിക്കുകയായിരുന്നു.
യഥാർഥ നഷ്ടം കണ്ടെത്താന്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ സ്ഥലം സർവേ നടത്തേണ്ടതുണ്ടെന്ന് കെഎസ്ഇബി അധികൃതർ വാദിച്ചു. എന്നാല്‍ നഷ്ടപരിഹാര പാക്കേജ് കൃത്യമായി പ്രഖ്യാപിക്കാതെ സർവേ നടത്താന്‍ അനുവദിക്കില്ലെന്ന് ഭൂരിപക്ഷ അംഗങ്ങളും നിലപാട് സ്വീകരിച്ചു. മാര്‍ക്കറ്റ് വിലയുടെ 85 ശതമാനമോ അല്ലെങ്കില്‍ ന്യായവിലയുടെ നാലിരട്ടിയുടെ 85 ശതമാനമോ ഏതാണോ കൂടുതൽ അത് ഉറപ്പുവരുത്തുമെന്ന് മന്ത്രി അറിയിച്ചു. ഇത്തരത്തിലാണെങ്കിൽ സർവേ നടത്താമെന്നും ധാരണയായി. കൂടാതെ ആലക്കോട് മേഖലയിലെ ബന്ധപ്പെട്ട കര്‍ഷകരെ വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. വിളകളുടെ നഷ്ടപരിഹാരത്തുക സംബന്ധിച്ചും പ്രതിനിധികളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
യോഗത്തില്‍ എംഎല്‍എ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, എം. വിജിന്, ടി.ഐ. മധുസൂദനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി.ഷാജി, ജോജി മാത്യു, സാജു സേവ്യര്‍, കെ.പി. രാജേഷ്, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ആന്റണി സെബാസ്റ്റ്യന്‍, പി.രജനി, ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളായ ഫാ. പയസ് പടിഞ്ഞാറേമുറിയില്, തോമസ് വർഗീസ്, ടോമി കുമ്പിടിയാമാക്കല്‍, ബെന്നി പുതിയാംപുറം, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, കെഎസ്ഇബി ചെയര്മാന് ബിജു പ്രഭാകര്‍ എന്നിവർ പങ്കെടുത്തു.