പി.കെ.രാഗേഷിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
1513526
Wednesday, February 12, 2025 7:56 AM IST
കണ്ണൂർ: കണ്ണൂർ കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷിന്റെ ചാലാട് പഞ്ഞിക്കൈയിലുള്ള വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പി.കെ. രാഗേഷിനെതിരെ വിജിലൻസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ ആറോടെ രാഗേഷിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. റെയ്ഡ് ആറുമണിക്കൂറിലേറെ നീണ്ടു.
കോഴിക്കോട് വിജിലൻസ് സെൽ എസ്പി കെ.പി. അബ്ദുൾ റസാഖിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. റെയ്ഡിൽ നിർണായക രേഖകൾ ലഭിച്ചതായാണു സൂചന. കോർപറേഷനിലെ പി.കെ. രാഗേഷിന്റെ കാബിനിലും വിജിലൻസ് സംഘം പരിശോധന നടത്തി. ഇവിടെ സൂക്ഷിച്ച പ്രധാനപ്പെട്ട ഫയലുകളടക്കം വിജിലൻസ് പരിശോധിച്ചിട്ടുണ്ട്. രാഗേഷുമായി ബന്ധപ്പെട്ട മറ്റ് എല്ലാ ഇടപാടും വിജിലൻസ് പരിശോധിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി പി.കെ. രാഗേഷിനെതിരെ വിജിലൻസ് അന്വേഷണം നടത്തി വരികയായിരുന്നു.
വരവും ചെലവും കഴിഞ്ഞ് 20 ശതമാനത്തിലധികം സ്വത്തുണ്ടെന്ന് കണ്ടെത്തിയാലാണ് വിജിലൻസ് സാധാരണയായി കേസ് രജിസ്റ്റർ ചെയ്യാറുള്ളത്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ കോടതിയിൽനിന്നു സേർച്ച് വാറണ്ടും വാങ്ങിയാണ് കോഴിക്കോട്ടുനിന്നുള്ള വിജിലൻസിന്റെ സ്പെഷൽ സെൽ കണ്ണൂരിലെത്തിയത്.
ഒന്നിലേറെ പരാതി പി.കെ. രാഗേഷിനെതിരെ വിജിലൻസിൽ ലഭിച്ചിരുന്നു. പയ്യാമ്പലത്തെ ഒരു ഫ്ലാറ്റുമായി ബന്ധപ്പെട്ടും സൂപ്പർമാർക്കറ്റുമായും ബന്ധപ്പെട്ടുമുള്ള പരാതികളുടെ രേഖകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെഞ്ഞെടുപ്പ് സമയത്ത് പി.കെ. രാഗേഷിന് വരവിൽ കവിഞ്ഞ് സ്വത്തുണ്ടെന്ന് കാണിച്ച് കണ്ണൂർ വിജിലൻസിൽ പരാതി വന്നിരുന്നു. കൂടാതെ പള്ളിക്കുന്ന് ബാങ്കുമായി ബന്ധപ്പെട്ട് മുന്പും രാഗേഷിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടന്നിരുന്നു.