എംഎൽഎയുടെ ഉറപ്പും പാഴ്വാക്കായി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി പ്രസവവാർഡ് തുറന്നില്ല
1513516
Wednesday, February 12, 2025 7:56 AM IST
തളിപ്പറമ്പ്: ഡോക്ടർമാരുടെ അപര്യാപ്തത കാരണം അടച്ചിട്ട തളിപ്പറമ്പ് ഗവ. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രസവവാർഡ് ഇനിയും തുറന്നില്ല. പ്രസവ വാർഡ് തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് പ്രതിസന്ധികൾക്ക് പരിഹാരമായെന്നും ഗൈനോക്കാളജി വിഭാഗത്തിലേക്ക് പുതിയ ഡോക്ടറെ നിയമിച്ചെന്നും ഫെബ്രുവരി ഏഴിന് എം.വി ഗോവിന്ദൻ എംഎൽഎ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ വാർഡ് തുറക്കുന്നതിന് നടപടികളായിട്ടില്ല.
തളിപ്പറമ്പ് ഹെഡ് ആശുപത്രിയുടെ അവസ്ഥയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് നേതാക്കളായ രാജീവൻ കപ്പച്ചേരി,നൗഷാദ് ബ്ലാത്തൂർ എന്നിവരുടെ നേതൃത്വത്തിൽ എട്ടാം തീയതി ഉപവാസ സത്യഗ്രഹം നടത്തിയിരുന്നു. സത്യഗ്രഹത്തിന്റെ തലേ ദിവസമായിരുന്നു തളിപ്പറമ്പ് എംഎൽഎ പ്രസവ വാർഡ് തുറക്കാൻ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി പത്രകുറിപ്പിലൂടെ അറിയിച്ചത്.
വാർഡ് തുറക്കാത്തതിനെ തുടർന്ന് ഇന്നലെ രാജീവൻ കപ്പച്ചേരിയും നൗഷാദ് ബ്ലാത്തൂരും ആശുപത്രിയിൽ എത്തി ലേ സെക്രട്ടറിയുമായി സംസാരിച്ചപ്പോൾ ഡോക്ടർമാർ എത്തിയില്ല എന്നാണ് മറുപടി ലഭിച്ചത്. നടപടികൾ സ്വീകരിക്കാതെ പത്രകുറിപ്പ് ഇറക്കി ജനങ്ങളെ കബളിപ്പിക്കുന്ന എംഎൽഎയുടെ നടപടി പ്രതിഷേധാർഹമാണെന്നും എംഎൽഎ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഭരണസംവിധാനത്തിന്റെ അനാസ്ഥക്കെതിരെ പ്രസവ വാർഡ് തുറക്കുന്നതു വരെ ഉപവാസ സമരം നടത്തുമെന്ന് രാജീവ് കപ്പച്ചേരിയും നൗഷാദ് ബ്ലാത്തൂരും പറഞ്ഞു.