വാർഡ് പുനർവിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് ഇന്ന്
1513515
Wednesday, February 12, 2025 7:56 AM IST
കണ്ണൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷൻ കമ്മീഷൻ ഇന്ന് കണ്ണൂരിൽ ഹിയറിംഗ് നടത്തും. 76 തദ്ദേശ സ്ഥാപനങ്ങളിൽനിന്നായി 1379 പരാതികൾ പരിഗണിക്കും.
രാവിലെ ഒൻപത് മുതൽ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് ഹിയറിംഗ്. കരട് വാർഡ്/നിയോജക മണ്ഡല വിഭജന നിർദേശങ്ങളിന്മേൽ നിശ്ചിത സമയ പരിധിക്ക് മുമ്പായി ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ സമർപ്പിച്ചവരെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ. മാസ് പെറ്റീഷൻ നൽകിയവരിൽ നിന്നും ഒരു പ്രതിനിധിക്ക് പങ്കെടുക്കാം. പരാതിക്കാർ സെക്രട്ടറി മുഖേന നൽകിയ നോട്ടീസ് അല്ലെങ്കിൽ അപേക്ഷയുടെ നൽകിയ രശീതി കൊണ്ടുവരേണ്ടതാണ്.
പയ്യന്നൂർ, തളിപ്പറമ്പ്, പേരാവൂർ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, പയ്യന്നൂർ, തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾ എന്നിവയ്ക്ക് രാവിലെ ഒൻപതിനാണ് ഹിയറിംഗ്.
ആകെ പരാതികൾ 469. കല്യാശേരി, പാനൂർ, ഇരിക്കൂർ, കണ്ണൂർ, കൂത്തുപറമ്പ്, ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, കണ്ണൂർ കോർപറേഷൻ, കൂത്തൂപറമ്പ് നഗരസഭ എന്നിവയ്ക്ക് രാവിലെ 11 നാണ് ഹിയറിംഗ്. ആകെ 444 പരാതികൾ. എടക്കാട്, തലശേരി, ഇരിട്ടി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകൾ, തലശേരി, ഇരിട്ടി നഗരസഭകൾ എന്നിവയ്ക്ക് ഉച്ചയ്ക്ക് രണ്ടിനാണ് ഹിയറിംഗ്. ആകെ പരാതികൾ 466.