വാതിൽമട പിഎച്ച്സി സബ് സെന്റർ തറക്കല്ലിടൽ സിപിഎം പാർട്ടി പരിപാടിയാക്കിയെന്ന് ആരോപണം
1513514
Wednesday, February 12, 2025 7:56 AM IST
പയ്യാവൂർ: വാതിൽമടയിൽ സെൻട്രൽ ഹെൽത്ത് ഗ്രാൻഡ് ഉപയോഗിച്ച് നിർമിക്കുന്ന പിഎച്ച്സി സബ് സെന്ററിന്റെ തറക്കല്ലിടൽ ചടങ്ങ് സിപിഎം പാർട്ടി പരിപാടിയാക്കി മാറ്റിയെന്ന് ആരോപണം. സ്ഥലം എംഎൽഎയെയോ ഡിഎംഒയെയോ അറിയിക്കാതെയും പരിപാടി സംബന്ധിച്ച് നോട്ടീസ് പോലും അടിക്കാതെ സിപിഎം ഏകപക്ഷീയമായി തറക്കല്ലിടൽ നടത്തുകയായിരുന്നുവെന്ന് പയ്യാവൂർ പഞ്ചായത്തംഗം ടി.പി. അഷറഫ് ആരോപിച്ചു.
സെൻട്രൽ ഹെൽത്ത് ഗ്രാൻഡ് ഉപയോഗിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് മുഖേന 55 ലക്ഷം രൂപ മുടക്കി വാതിൽമടയിൽ നിർമിക്കുന്ന ചമതച്ചാൽ സബ് സെന്ററിന്റെ തറക്കല്ലിടൽ ഈ മാസം അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരിയാണ് നിർവഹിച്ചത്. സിപിഎം നേതാക്ക്കളും പ്രതിനിധികളും അല്ലാതെ ചമതച്ചാൽ വാർഡ് മെംബറായ സിജി തോമസിനെ മാത്രമാണ് ചടങ്ങിൽ ഉൾപ്പെടുത്തിയത്.
എംഎൽഎയെ പങ്കെടുപ്പിക്കാത്തതിലെ പ്രതിഷേധം സിജി തോമസ് പ്രസംഗത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. കേന്ദ്രഫണ്ടുകളും സ്ഥലം എംഎൽഎ മുഖേന ലഭിക്കുന്ന ഫണ്ടുകളും രാജ്യസഭാ എംപി ജോൺബ്രിട്ടാസിന്റെ ഇടപെടലിലൂടെ ലഭിച്ചുവെന്ന തരത്തിലുള്ള വ്യാജ പ്രചാരണവും സിപിഎം നടത്തുകയാണെന്നും അഷറഫ് ആരോപിച്ചു.