ഏഴിമലയില്‍ രണ്ടാം ദിവസവും തീപിടിത്തം
1513513
Wednesday, February 12, 2025 7:56 AM IST
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാഡമി പ്രദേശത്തിന് സമീപം രണ്ടാം ദിവസവും തീപിടുത്തം. മലമുകളില്‍ ലൂര്‍ദ് മാതാ പള്ളിക്ക് സമീപമായി ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച ഈ മേഖലയിൽ തീപിടിത്തമുണ്ടായിരുന്നു.
തിങ്കളാഴ്ചയുണ്ടായ തീപിടിത്തത്തിൽ അണയാതെ കിടന്ന തീയിൽ നിന്നാകാം ഇന്നലെ തീപിടിച്ചതെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെ അഞ്ചരയോടെയാണ് ആദ്യ തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞയുടന്‍ പയ്യന്നൂര്‍ അഗ്നിരക്ഷാസേനയെത്തി തീയണച്ചിരുന്നു. ഇതിനു പിന്നാലെ ഉച്ച കഴിഞ്ഞ ഒന്നരയോടെയാണ് രണ്ടാമത് തീപിടിച്ചത്. നേവല്‍ അക്കാഡമിയുടെ രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന ചേര്‍ന്നാണ് തീയണച്ചത്. വാഹനമോ അഗ്നിശമന സേനയുടെ ഹോഴ്സുകളോ എത്താത്ത ഇടത്തായിരുന്നു തീപിടിത്തം. ഇതിനാൽ വെള്ളമൊഴിച്ച് തീക്കനലുകള്‍ പൂര്‍ണമായും അണയ്ക്കാനാവാത്ത അവസ്ഥയാണ് ഇപ്പോഴുമുള്ളത്.
തിങ്കളാഴ്ച ഉച്ചയക്ക് പന്ത്രണ്ടരയോടെ നേവല്‍ അക്കാഡമിയുടെരാമന്തളി ഗേറ്റിന് സമീപത്തെ ജെസ്യൂട്ട് സൊസൈറ്റിയുടെ സ്ഥലത്തായിരുന്നു തീപിടിച്ചത്. അഞ്ചുമണിക്കൂറോളം സമയമെടുത്താണ് തിങ്കളാഴ്ച തീയണച്ചത്. നേവിയില്‍ നിന്നുള്ള സേനയും പയ്യന്നൂരില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും നേവല്‍ ഉദ്യോഗസ്ഥര്‍, പോലീസ്, നാട്ടുകാര്‍ തുടങ്ങിയവർ ചേർന്ന് പരിശ്രമിച്ചായിരുന്നു തിങ്കളാഴ്ചയുണ്ടായ തീയണച്ചത്.