ജൂണിയർ പബ്ലിക് നഴ്സുമാർ നിസഹകരണ സമരത്തിൽ
1513512
Wednesday, February 12, 2025 7:56 AM IST
കണ്ണൂർ: ആശാ പ്രവർത്തകരുടെ ഇസി മാൻ സോഫ്റ്റ്വെയർ എൻട്രിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി സംസ്ഥാനത്തെ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ നിസഹകരണ സമരം നടത്താനും ആശാ പ്രവർത്തകരുമായി ബന്ധപ്പെട്ട ജോലിയിൽ നിന്നും വിട്ടു നിൽക്കുമെന്ന് കേരള ഗവ. ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ യൂണിയൻ തീരുമാനം.
നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഇൻസെന്റീവ് /ഓണറേറിയം നൽകേണ്ടതെങ്കിലും ബന്ധപ്പെട്ട സർക്കുലറിൽ സൂചിപ്പിച്ച പ്രകാരമുള്ള പ്രവർത്തനങ്ങളും അനുബന്ധ രേഖകളും ഇല്ലാതെ തന്നെ പോർട്ടലിൽ എന്റർ ചെയ്യാൻ ജെ പി എച്ച് എൻ മാർ നിർബന്ധിതരാവുകയാണ്. ജോലിയുമായി ബന്ധപ്പെട്ട വ്യക്തമായ സർക്കാർ ഉത്തരവുണ്ടായിട്ടും ഇതര വിഭാഗത്തിന്റെ ജോലികൾ കൂടി ജൂണിയർ പബ്ലിക് നഴ്സുമാരുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും യൂണിയൻ യോഗം ആരോപിച്ചു. യോഗത്തിന് ജില്ലാ പ്രസിഡന്റ് വിനോദിനി റോയ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.റോജ, കെ.പി.ചിത്ര, ഇ.ബി.ഷീല ജയ സാജു, കെ.ജ്യോതിശ്രീ, കെ.ജെ.ഷേർലി, ടി.കെ.അംബിക, കെ.കെ.ബിന്ദു, പി.ജയശ്രീ എന്നിവർ പ്രസംഗിച്ചു.