റബർ ഷീറ്റ് മോഷണം: പ്രതികൾ അറസ്റ്റിൽ
1513510
Wednesday, February 12, 2025 7:56 AM IST
ഉളിക്കൽ: നുച്യാട്ടെ വീട്ടിൽ ഉണക്കാനിട്ട 80 ഓളം റബർ ഷീറ്റുകൾ കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. വലിയ അരീക്കാമല സ്വദേശി ബിബിൻ കുര്യൻ (32), തേർമല സ്വദേശി പ്രശാന്ത് (38) എന്നിവരെയാണ് ഉളിക്കൽ സിഐ അരുൺദാസും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചത്.
സുഹൃത്തുക്കളായ പ്രതികൾക്കെതിരെ സമാനരീതിയിൽ മറ്റ് സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികൾ വില്പന നടത്തിയ റബർ ഷീറ്റുകൾ ഇരിട്ടിയിലെ ഒരു കടയിൽ നിന്ന് പോലീസ് കണ്ടെടുത്തു. എസ്ഐ സുരേഷ്, എഎസ്ഐ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനീഷ് മാത്യു, പ്രയേഷ്, ഷഫീക് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.