ചെറുപുഴ നവജ്യോതി കോളജിൽ ഇനി ഐടി പാർക്കും
1507873
Friday, January 24, 2025 1:01 AM IST
ചെറുപുഴ: ചെറുപുഴ നവജ്യോതി കോളജിൽ ഐടി പാർക്ക് പ്രവർത്തനം ആരംഭിച്ചു. കോളജ് അടിസ്ഥാന സൗകര്യങ്ങൾ വിട്ടുനൽകിയപ്പോൾ പഠിച്ച കാമ്പസിൽ ടു സ്ക്രോൾ ടെക്നോളജീസ് എന്ന പേരിൽ ഐടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങിയത് പൂർവ വിദ്യാർഥി അബിൻ മൈക്കിളാണ്. ചാർട്ടേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ് ആൻഡ് ട്രാൻസ്പോർട്ട് എഡ്യൂക്കേഷൻ ലീഡ് റൂത്ത് ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ കമ്പനിയുടെ ഒഫീഷ്യൽ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.
നവജ്യോതി കോളജ് മാനേജർ ഫാ. ജോസഫ് ചാത്തനാട്ട്, ഡയറക്ടർ ഫാ. സിജോയ് പോൾ, ബർസാർ ഫാ. അരുൺ ജെയിംസ്, പ്രിൻസിപ്പൽ ഡോ. കെ.കെ. സോമശേഖരൻ, ബിബിഎ വിഭാഗം മേധാവി ഷിജോ ജോസ്, ബിസിഎ വിഭാഗം അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംരംഭത്തിനു നവജ്യോതി കോളജ് ഇടം നൽകിയപ്പോൾ ഇവിടെ പഠിക്കുന്ന ബിസിഎ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പമുള്ള തൊഴിൽ പരിശീലനത്തിനും ഐടി മേഖലയിലെ ആഡ് ഓൺ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യത വർധിക്കുകയും ചെയ്യും.
ചടങ്ങിനുശേഷം ലോജിസ്റ്റിക്സ് പഠിക്കുന്ന നവജ്യോതി കോളേജിലെ വിദ്യാർഥികളുമായി റൂത്ത് ഫ്രാൻസിസ് സംവദിക്കുകയും കോഴ്സുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.